കൊടിയത്തൂരിൽ സ്ത്രീകളാണ് താരങ്ങൾ

കൊടിയത്തൂർ : ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനാഘോഷവേള എത്തുമ്പോൾ കൊടിയത്തൂരിന് ഏറെ അഭിമാനിക്കാം. ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളിൽ എല്ലാംതന്നെ ഇപ്പോൾ സാരഥികൾ വനിതകളാണെന്നതുതന്നെ കാര്യം. ജീവനക്കാരുടെ എണ്ണത്തിലും വനിതകൾതന്നെയാണ് മുന്നിൽ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, അസി. എൻജിനീയർ, അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്ററിനറി ഡോക്ടർ, സി.ഡി.പി. ഐ.സി.ഡി.എസ്. തുടങ്ങി പ്രധാനസ്ഥാനങ്ങളിലെല്ലാം നേതൃത്വംവഹിക്കുന്നത് സ്ത്രീകളാണ്.
തോട്ടുമുക്കം ജി.യു.പി. സ്കൂൾ, പന്നിക്കോട് എ.യു.പി. സ്കൂൾ, ചുള്ളിക്കപ്പറമ്പ് ജി.എൽ.പി. സ്കൂൾ, സൗത്ത് കൊടിയത്തൂർ എ.യു.പി. സ്കൂൾ, ചെറുവാടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലും വനിതകളാണ് തലപ്പത്ത്. കൊടിയത്തൂർ ജി.എം.യു.പി. സ്കൂളിൽ അധ്യാപകജീവനക്കാരിൽ 37-ൽ 31-ഉം സ്ത്രീകളാണ്. കാരക്കുറ്റി ജി.എൽ.പി. സ്കൂളിൽ ആറിൽ നാലും കഴുത്തൂട്ടിപ്പുറായ ജി.എൽ.പി. യിൽ ആറിൽ നാലും ചുള്ളിക്കാപ്പറമ്പ് സ്കൂളിൽ ആറിൽ നാലും വനിതകൾതന്നെ. മാവേലിസ്റ്റോറിൽ ജീവനക്കാരെല്ലാവരും വനിതകളാണ്.
പഞ്ചായത്തിലെതന്നെ വനിതകൾക്കാകമാനം അഭിമാനത്തിനു വകനൽകി വനിതകൾ താക്കോൽസ്ഥാനങ്ങളെല്ലാം കൈകാര്യംചെയ്യുന്ന സാഹചര്യത്തിൽ വനിതാദിനാഘോഷ പരിപാടികളും കെങ്കേമമാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ തീരുമാനം. ഇതിന്റെഭാഗമായി വിവിധപരിപാടികൾക്ക് തുടക്കവുംകുറിച്ചു. പഞ്ചായത്ത് ജാഗ്രതാസമിതിയുടെയും മുക്കം ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ വനിതകളുടെ തൊഴിലിടസന്ദർശനത്തിന് കഴിഞ്ഞദിവസം തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ, വി. ഷംലൂലത്ത്, കെ.ജി. സീനത്ത്, ഐ.സി.ഡി.എസ്. ഓഫീസർ കെ. ലിസ്, റസീന, ജനമൈത്രി പോലീസ് ഓഫീസർ ഷറഫുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെത്തി വനിതകളെ നേരിട്ടുകണ്ട് അവർക്ക് പറയാനുള്ളത് കേട്ടാണ് സംഘം തിരിച്ചുപോവുന്നത്.
വനിതാദിനാചരണത്തിന് മുന്നോടിയായി കൊടിയത്തൂരിൽ സിഗ്നേച്ചർ കാമ്പയിനും നിയമബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു ഉദ്ഘാടനംചെയ്തു. പഞ്ചായത്തിലെ സ്ഥാപനങ്ങളിലെ വനിതാമേധാവികളെ ചടങ്ങിൽ ആദരിച്ചു. അങ്കണവാടി വർക്കേഴ്സ്, ഹരിതകർമസേനാംഗങ്ങൾ, ആശവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർക്ക് ഉപഹാരങ്ങളും നൽകി.
സിഗ്നേച്ചർ കാമ്പയിൻ ഗ്രാമീൺബാങ്ക് മാനേജർ രശ്മി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷനായി. അഭിഭാഷക സുധ ഹരിദ്വാർ നിയമപഠനക്ലാസിന് നേതൃത്വം നൽകി. മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറം, എം.ടി. റിയാസ്, വി. ഷംലൂലത്ത്, കെ.ജി. സീനത്ത്, ഫാത്തിമ നാസർ, സി.ഡബ്ല്യു.എഫ്. റസീന തുടങ്ങിയവർ സംസാരിച്ചു. വനിതാസംരംഭകസംഗമം, പാലിയേറ്റീവ് ഹോം കെയർ, വനിത സൗഹൃദവേദി സന്ദർശനം, തീം പ്രസന്റേഷൻ തുടങ്ങിയ പരിപാടികളും വരുംദിവസങ്ങളിൽ നടക്കും.