Mukkam

മുക്കം നഗരസഭയിൽ തദ്ദേശസ്ഥാപന എൻഫോഴ്സ്‌മെന്റിന്റെ മിന്നൽപ്പരിശോധന

മുക്കം : മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിന് രൂപവത്കരിച്ച തദ്ദേശസ്ഥാപനതല എൻഫോഴ്സ്‌മെൻറ്് സ്ക്വാഡ് മുക്കം നഗരസഭാപരിധിയിൽ മിന്നൽപ്പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിലെ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പന, ഉറവിടമാലിന്യസംസ്കരണത്തിനും മലിനജല പരിപാലനത്തിനുമുള്ള സംവിധാനങ്ങൾ, പൊതുശുചിത്വം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്തതിന് ഷാൻഗ്രില്ല കൺവെൻഷൻ സെൻറർ, മാൾ ഓഫ് മുക്കം, മണാശ്ശേരി ചിക്കൻസ്റ്റാൾ- മത്സ്യ മാർക്കറ്റ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 4500 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിൽ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് തുടർച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.

തദ്ദേശസ്വയംഭരണവകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ അഭിലാഷ്, ക്ലീൻസിറ്റി മാനേജർ കെ.എം. സജി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. ജില, പബ്ലിക് ഹെൽത്ത് ഇൻസ്പെകർമാരായ കെ. ബോബിഷ്, ആശ തോമസ്, മോഹനൻ വിശ്വംഭരൻ, ഷിബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button