Kodanchery
റോഡിൽ പരന്നൊഴുകിയ മെറ്റൽ വാരിമാറ്റി നാട്ടുകാർ

കോടഞ്ചേരി : ബുധനാഴ്ച വൈകുന്നേരംപെയ്ത ശക്തമായ മഴയെത്തുടർന്ന് കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ മെറ്റൽ ഒഴുകിപ്പരന്നു. മഴവെള്ളം ഡ്രെയ്‌നേജിലൂടെ ഒഴുകാതായതോടെ റോഡരികിൽ ഇട്ടിരുന്ന മെറ്റലിനൊപ്പം മഴവെള്ളം റോഡിലൂടെ പരന്നൊഴുകി. കണ്ണോത്ത് അങ്ങാടിമുതൽ കളപ്പുറംവരെയുള്ള ഒരുകിലോമീറ്ററോളം ദൈർഘ്യത്തിൽ മെറ്റൽ ഒഴുകിപ്പരന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കുന്നതിനായി നാട്ടുകാർ റോഡിൽനിന്ന് മെറ്റൽ വാരിമാറ്റി.
ഒരാഴ്ചമുൻപ് പെയ്ത മഴയിലും സമാനരീതിയിൽ മെറ്റൽ റോഡിൽ നിറഞ്ഞിരുന്നു. ഏതാനും ഇരുചക്രവാഹനങ്ങൾ മെറ്റലിനുമേൽ നിയന്ത്രണംവിട്ട് മറിയുകയുംചെയ്തു. അന്നും നാട്ടുകാർ സംഘടിച്ച് മെറ്റൽ നീക്കി. നിർമാണത്തിലെ അപാകം പരിഹരിച്ച് ഡ്രെയ്‌നേജിലൂടെ നീരൊഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.