ചേന്ദമംഗലൂരിൽ പത്തേക്കറിൽ തണ്ണിമത്തൻ കൃഷി

മുക്കം : ചേന്ദമംഗലൂരിൽ കൊയ്ത്തുകഴിഞ്ഞ പത്തേക്കർ പാടത്ത് തണ്ണിമത്തൻ കൃഷിയൊരുങ്ങുന്നു. ചേന്ദമംഗലൂർ പുൽപ്പറമ്പിലെ വയലിലാണ് വിപുലമായ രീതിയിൽ ആധുനികസംവിധാനത്തോടെ തണ്ണിമത്തൻ കൃഷിയൊരുക്കുന്നത്.
വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം സ്വദേശി സൈഫുള്ള, വാഴക്കാട് സ്വദേശി സലീം എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ശാസ്ത്രീയമായ കൃഷിരീതി അവലംബിച്ച് കഴിഞ്ഞവർഷവും പുൽപ്പറമ്പിൽ തണ്ണിമത്തൻ കൃഷിചെയ്തിരുന്നെങ്കിലും ഇത്രയേറെസ്ഥലത്ത് കൃഷിയിറക്കുന്നത് ആദ്യമായാണെന്ന് നഗരസഭാ കൗൺസിലർ അബ്ദുൾ ഗഫൂർ പറഞ്ഞു.
2024-25 വർഷത്തെ കൃഷിസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി, മുക്കം കൃഷിഭവന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിലൂടെയാണ് ഹൈടെക് തണ്ണിമത്തൻ കൃഷിചെയ്യുന്നത്. തൈനടീൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. ഡിവിഷൻ കൗൺസിലർ അബ്ദുൾ ഗഫൂർ അധ്യക്ഷനായി. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജിഷ, അസി. കൃഷി ഡയറക്ടർ ശ്രീവിദ്യ, മുക്കം കൃഷി ഓഫീസർ ടിൻസി ടോം, പെരുവാട്ടിൽ കുഞ്ഞൻ, ടി.കെ. മുഹമ്മദ്, കെ.പി.സി. ഇബ്രാഹിം, പി.കെ. മൈമൂന, എൻ.കെ. ഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു.