Mukkam

മുക്കം ഇനി സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭ

മുക്കം : ശുചിത്വ-മാലിന്യസംസ്കരണ മേഖലയിൽ പദ്ധതികൾ നടപ്പാക്കിയ മുക്കം നഗരസഭ ഇനി സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭ. ബുധനാഴ്ച വൈകീട്ട് മുക്കം മിനിപാർക്കിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ മുക്കത്തെ സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭയിലെ 33 വാർഡുകളും വാർഡുകളിലെ സ്കൂളുകൾ, അങ്കണവാടികൾ, മറ്റു പൊതുസ്ഥാപനങ്ങൾ, നഗരത്തിലെ പൊതുയിടങ്ങൾ എന്നിവയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചതിനുശേഷമാണ് നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.

മാലിന്യസംസ്കരണമേഖലയിൽ മാതൃകാപ്രവർത്തനം കാഴ്ചവെച്ച വീട്ടുകാരെയും സ്ഥാപനങ്ങളെയും രാഷ്ട്രപതിയുടെ വിശിഷ്ട സേവന ബഹുമതി നേടിയ പി. ഉണ്ണികൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. നഗരത്തിലെത്തുന്നവർക്ക് അജൈവമാലിന്യം നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ, എല്ലാ വാർഡുകളിലും ശുചിത്വസന്ദേശ ബോർഡുകൾ, ഡിവൈഡറുകളിലും കൈവരിയിലും പൂച്ചെടി വെച്ചുപിടിപ്പിക്കൽ, ഭിത്തികളിലും മറ്റും ശുചിത്വസന്ദേശങ്ങൾ, കൈവരികളിലും മറ്റും പെയിൻറിങ് തുടങ്ങിയ പ്രവൃത്തികൾ പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയിരുന്നു.

കൂടാതെ, വീടുകളിലെ ജൈവമാലിന്യസംസ്കരണത്തിനായി റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻറ്് കിച്ചൻ ബിൻ, ജി-ബിൻ തുടങ്ങിയവയും നഗരസഭ നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരേ പിഴ ചുമത്തുമെന്നും നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. കുഞ്ഞൻ, ഇ. സത്യനാരായണൻ, അബ്ദുൾ മജീദ്, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, എം.ടി. വേണുഗോലൻ, അബ്ദുൾഗഫൂർ, എൻ.ബി. വിജയകുമാർ, കെ. മോഹനൻ, ടി.കെ സാമി, നഗരസഭാ സെക്രട്ടറി ബിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button