Mukkam

റോഡ് നവീകരണത്തിലെ അശാസ്ത്രീയത; സംസ്ഥാനപാതയിൽ അപകടം പതിവായി

മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത നവീകരണത്തോടെ അപകടങ്ങളും അപകട മരണങ്ങളും പതിവായെന്നു പരാതി. റോഡ് നവീകരണത്തിലെ അശാസ്ത്രീയതയാണ് വാഹനങ്ങൾ തെന്നി അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നു നാട്ടുകാർ പറയുന്നു. അപകടങ്ങൾ പതിവാകുന്നത് അന്വേഷിക്കാൻ മന്ത്രി കെ.ബി.ഗണേശ് കുമാർ മോട്ടർ വാഹന വകുപ്പിനോടും പൊലീസിനോടും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന പാതയിലെ മുക്കം അരീക്കോട് റോഡിലും മുക്കം ഓമശ്ശേരി റോഡിലും അപകടങ്ങൾ നടന്നു. മുക്കം അരീക്കോട് റോഡിൽ അടുത്ത കാലത്തായി നടന്ന അപകടങ്ങൾക്ക് കണക്കില്ല.

നെല്ലിക്കാപറമ്പിൽ വ്യാഴാഴ്ച ലോറിയും കാറും കൂട്ടിമുട്ടിയതാണ് ഏറ്റവും ഒടുവിലത്തെ അപകടം. കാർ യാത്രക്കാരൻ മലപ്പുറം ജില്ലയിലെ കരുളായി സ്വദേശി അബ്ദുസ്സമദിനു പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഒഴുകിയ ഓയിൽ അഗ്നിരക്ഷാ സേനയെത്തിയാണ് നീക്കം ചെയ്യത്. ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അതിന് തൊട്ടുമുമ്പാണ് മുക്കം ഓമശ്ശേരി റോഡിൽ അഭിലാഷ് ജംക്‌ഷന് സമീപം ലോറികളും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരൻ ആനയാംകുന്ന് സ്വദേശിക്ക് ഗുരുതര പരുക്കേറ്റത്. മുക്കം അരീക്കോട് റോഡിൽ കറുത്തപറമ്പ്, ഓടത്തെരുവ്, വലിയപറമ്പ്, നെല്ലിക്കാപറമ്പ് ഭാഗങ്ങളിലാണ് കൂടുതൽ അപകടങ്ങളും അപകട മരണങ്ങളും ഉണ്ടായത്.

Related Articles

Leave a Reply

Back to top button