മുക്കം അഗ്നിരക്ഷാനിലയത്തിൽ ടിറോലിൻ ട്രാവേഴ്സ് റോപ്പ് റെസ്ക്യൂ പരിശീലനം

മുക്കം : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മുക്കം അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാർക്ക് ടെക്നിക്കൽ റോപ്പ് റെസ്ക്യൂ പരിശീലനം നൽകി. മുക്കം അഗ്നിരക്ഷാസേനാംഗങ്ങൾക്കാണ് മഴക്കാലത്തും വെള്ളച്ചാട്ടങ്ങളിലും കാര്യക്ഷമമായ രക്ഷാപ്രവർത്തനം സാധ്യമാക്കുന്ന ‘ടിറോലിൻ ട്രാവേഴ്സ്’ റോപ്പ് റെസ്ക്യൂ പരിശീലനം നൽകിയത്. ഉയരങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ ജീവനക്കാരുടെ ആത്മധൈര്യം കൂട്ടുന്ന പരിശീലനങ്ങളാണ് നടന്നത്.
ഉരുൾപൊട്ടൽപോലുള്ള സമയങ്ങളിൽ പുഴകൾക്ക് മറുകരയിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്ന രക്ഷാപ്രവർത്തനരീതിയാണിത്. കഴിഞ്ഞവർഷം വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചത് ഈ രീതിയിലായിരുന്നു.വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യഘട്ടങ്ങളിൽ നേതൃത്വം നൽകിയ ജില്ലയിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് ടീമംഗങ്ങളായ നിഖിൽ മല്ലിശ്ശേരി, കെ. അഭിലാഷ്, മനുപ്രസാദ് തുടങ്ങിയവരാണ് ‘ടിറോലിൻ ട്രാവേഴ്സ്’ പരിശീലനം നയിച്ചത്.
അഗ്നിരക്ഷാവകുപ്പിനെ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി അഗ്നിരക്ഷാനിലയങ്ങളിൽ സംസ്ഥാന സർക്കാർ റോപ്പ് റെസ്ക്യൂ കിറ്റ് അനുവദിച്ചിട്ടുണ്ട്. ചെങ്കുത്തായ മലനിരകളിലും ഉയർന്ന മരങ്ങളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്ന ഹൊറിസോണ്ടൽ, വെർട്ടിക്കൽ റോപ്പ് റെസ്ക്യൂ രീതികളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ പ്രവർത്തിക്കുന്ന മുക്കം അഗ്നിരക്ഷാനിലയത്തിന് മഴക്കാലങ്ങളിൽ വെല്ലുവിളികൾ നേരിടുന്ന അപകടങ്ങളിലെ ഫലപ്രദമായ രക്ഷാപ്രവർത്തനം സാധ്യമാക്കുന്നതിന് രണ്ടുദിവസത്തെ പരിശീലനം കൂടുതൽ സഹായകരമാകുമെന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പറഞ്ഞു.