നീതി തേടി നഗരസഭാ സെക്രട്ടറിക്കു മുന്നിൽ വ്യാപാരികൾ തെരുവു സമരം

മുക്കം: കടകൾക്ക് മുന്നിൽ തെരുവു കച്ചവടത്തിന് ‘അനുമതി’ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ അപേക്ഷയുമായി പ്രതീകാത്മക സമരവുമായി വ്യാപാരികൾ. വർധിച്ചുവരുന്ന തെരുവുകച്ചവടം നിയന്ത്രിക്കാത്തതിലും പുതിയ തെരുവുകച്ചവടത്തിന് അനുമതി നൽകാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തക സമിതി അംഗങ്ങൾ നഗരസഭാ ഓഫിസിലെത്തി സെക്രട്ടറി ബിബിൻ ജോസഫിന് മുന്നിൽ പ്രതീകാത്മകമായി അപേക്ഷ സമർപ്പിച്ചത്.
വ്യാപാരികളുടെ ആവലാതികളും സങ്കടങ്ങളും നഗരസഭാ അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. ആയിരങ്ങൾ വാടക നൽകിയും നികുതി അടച്ചും കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ഭീഷണി ഉയർത്തിയുള്ള തെരുവു കച്ചവടം നിയന്ത്രിക്കണമെന്നാണ് ആവശ്യം. നേരത്തേ, തെരുവു കച്ചവടക്കാരെ വ്യാപാരികൾ തടഞ്ഞെങ്കിലും ഫലം കണ്ടില്ല.
നഗരസഭാ സ്ഥിരസമിതി അധ്യക്ഷ പ്രജിത പ്രദീപിന്റെ സാന്നിധ്യത്തിൽ സമിതി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ, സംസ്ഥാന സമിതി അംഗം കപ്പ്യേടത്ത് ചന്ദ്രൻ, അനീസുദ്ദീൻ, ഡിറ്റോ തോമസ്, എം.ടി.അസ്ലം, എൻ.കെ.മുഹമ്മദാലി, ടി.പി.ഫൈസൽ, ചാലിയാർ അബ്ദുസ്സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക അപേക്ഷ സമർപ്പിക്കൽ നടത്തിയത്.