പനച്ചിക്കപ്പാലം ജീർണാവസ്ഥയിൽ

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം പനച്ചിക്കപ്പാലം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ. കൈവരികൾ ദ്രവിച്ചുനാമാവശേഷമായി. പാലത്തോട് ചേർന്ന് സമീപനറോഡിൽ ഗർത്തം രൂപപ്പെട്ടത് ഗതാഗത ഭീഷണി ഉയർത്തുന്നുണ്ട്. മൂന്ന് മുളകൾ നിരത്തിയാണ് പേരിന് കുഴിയടച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇവിടെ നിയന്ത്രണം വിടുന്നത് പതിവാണ്.
ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. നാല്പതോളം കുടുംബങ്ങൾ സമീപത്തായി താമസിക്കുന്നുണ്ട്. മലയോര ഹൈവേയിലേക്ക് എളുപ്പം എത്തിപ്പെടാനുളള വഴിയായി ധാരാളം പേർ ആശ്രയിക്കുന്ന പാലമാണിത്. പുല്ലൂരാംപാറ പളളിപ്പടിയിലെ വിവിധ സ്കൂളുകളിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന പാലമാണ് അപകട ഭീഷണി നേരിടുന്നത്. പാലവുമായി ബന്ധിപ്പിക്കുന്ന നേതാജി റോഡും ശോച്യാവസ്ഥയിലാണ്.ഏതാണ്ട് മൂന്നൂറ്് മീറ്റർ ദൈർഘ്യത്തിൽ ടാറിങ് ചെയ്യേണ്ടതുണ്ട്. നേരത്തേ ധാരാളം ചെറുകിട വാഹനങ്ങൾ കടന്നുപോയിരുന്നു. പാലം ഭീഷണിയിലായതോടെ ഇരുചക്രവാഹനങ്ങൾ മാത്രമേ നിലവിൽ കടന്നുപോകുന്നൂള്ളൂ. പാലം പുതിക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യവും ശക്തമാണ്. ഇതിനായി അടിയന്തരനടപടി വേണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി ആവശ്യപ്പെട്ടു.







