Mukkam

മുക്കം നഗരസഭാ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി

മുക്കം : നഗരസഭയിൽ പിൻവാതിലിലൂടെ സിപിഎം പ്രവർത്തകരെ കണ്ടിൻജൻറ് ജീവനക്കാരായി നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബുധനാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ നിയമനത്തെ 14 പേർ അനുകൂലിച്ചും 14 പേർ പ്രതികൂലിച്ചും വോട്ടുചെയ്തിരുന്നു. ഇതോടെ ചെയർമാന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ നിയമന അജൻഡ പാസാവുകയായിരുന്നു.

നഗരസഭാ ആക്ടിന്റെ 283-ാം വകുപ്പനുസരിച്ച് കണ്ടിജൻറ് ജീവനക്കാരുടെ നിയമനാധികാരി കൗൺസിലാണെന്നിരിക്കെ കൗൺസിലിനെ നോക്കുകുത്തിയാക്കിയാണ് അഭിമുഖമടക്കം നടത്തിയതെന്നും ഇതിനായി ചെയർമാൻ മുൻകൂർ അനുമതി നൽകുകയായിരുന്നെന്നും യുഡിഎഫ് ആരോപിച്ചു.

സിപിഎം ഓഫീസിൽനിന്ന് കൊടുത്ത പട്ടികയിലുള്ളവർക്ക് നിയമനം നൽകിയതിലൂടെ അർഹരായ ഒട്ടേറെപ്പേരെ നഗരസഭ വഞ്ചിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. സമരത്തിന് പ്രതിപക്ഷനേതാവ് വേണു കല്ലുരുട്ടി, കൗൺസിലർമാരായ എം. മധു, ഗഫൂർ കല്ലുരുട്ടി, എം.കെ. യാസർ, അബു മുണ്ടുപാറ, കെ.കെ. റുബീന, സക്കീന കബീർ, വസന്തകുമാരി, ബിന്നി മനോജ്, യുഡിഎഫ് നേതാക്കളായ എം.കെ. മമ്മദ്, ആലി ചേന്ദമംഗല്ലൂർ, ഒ.കെ. ബൈജു, ലെറിൻ റാഹത്ത്, പ്രഭാകരൻ മുക്കം എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button