Kodanchery

അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

കോടഞ്ചേരി : മൺസൂണിന്റെ സമൃദ്ധിയിൽ നിറഞ്ഞുകവിഞ്ഞ മലയോരത്തെ പുഴകളിൽ കയാക്കിങ്‌ ആർപ്പുവിളികളുയർന്നു. മലബാർ ജലോത്സവത്തിന്റെ ഭാഗമായ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ്‌ ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച തുടങ്ങും. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. പത്തിലേറെ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ നൂറോളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.

കയാക്കിങ്‌ ചാമ്പ്യൻഷിപ്പ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ, ഇന്ത്യൻ കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങളുടെ നടത്തിപ്പ്.

വെള്ളിയാഴ്ച രാവിലെ 10-ന് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം ചാലിപ്പുഴയിൽ പുരുഷ-വനിതാ വിഭാഗങ്ങളിലെ ഇന്റർമീഡിയറ്റ് കാറ്റഗറി ‘എക്സ്ട്രീം സ്ലാലം’ മത്സരങ്ങൾ അരങ്ങേറും. അതിന്റെ ഫൈനലും അന്നുതന്നെ നടക്കും. ശനിയാഴ്ച പുരുഷ-വനിതാ വിഭാഗങ്ങളിലെ പ്രൊഫഷണൽ ‘എക്സ്ട്രീം സ്ലാലം’ മത്സരങ്ങളാണ് നടത്തുന്നത്. ഞായറാഴ്ച പുല്ലൂരാംപാറയ്ക്കടുത്ത് ഇരുവഞ്ഞിപ്പുഴയിലാണ് ‘ഡൗൺ റിവർ’ മത്സരങ്ങൾ. ഈ മത്സരത്തിലെ വിജയികൾക്ക് ‘വേഗരാജാ’ പട്ടവും ‘വേഗറാണി’ പട്ടവും സമ്മാനിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്ത് സമ്മാനവിതരണം നിർവഹിക്കും.

Related Articles

Leave a Reply

Back to top button