Mukkam
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ പട്ടാപ്പകൽ മോഷ്ടിച്ചു

മുക്കം: കാരമൂല സ്വദേശി ഇ.കെ.നൗഷാദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ പട്ടാപ്പകൽ മോഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കള്ളൻ സ്കൂട്ടറുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചാരിയിട്ട ഗേറ്റ് തുറന്ന് അകത്തു കടന്ന് മൊത്തം വീക്ഷിച്ച ശേഷം സ്കൂട്ടർ ഉരുട്ടി വീടിനു പുറത്തെത്തിക്കുകയായിരുന്നു. കീ സ്കൂട്ടറിൽ തന്നെ ഉണ്ടായത് മോഷ്ടാവിന് എളുപ്പമായി.
തൊട്ടുമുമ്പ് നൗഷാദിന്റെ മകൻ പുറത്തു പോയി വന്ന് സ്കൂട്ടർ നിർത്തിയിട്ടതായിരുന്നു. നൗഷാദ് വിദേശത്താണ്. ഭാര്യയും മക്കളും വീട്ടിനുള്ളിൽ ഉണ്ടായിരിക്കെയാണ് പട്ടാപ്പകൽ വീട്ടുമുറ്റത്തു നിന്ന് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടത്. മുക്കം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎൽ 57 ബി 8908 ആക്ടീവ സ്കൂട്ടറാണ് മോഷണം പോയത്.







