World

ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ ഉള്‍പ്പടെ 400 പേര്‍ കുടുങ്ങിയിട്ട് അഞ്ച് ദിവസം; ഒഴിയാന്‍ അന്ത്യശാസനം നല്‍കി വിമാനത്താവള അധികൃതര്‍

ക്വലാലംപൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി 400ലേറെ ഇന്ത്യാക്കാര്‍. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി വിമാനത്താവളത്തില്‍ ദുരിത ജീവിതം നയിക്കുകയാണ് ഇവര്‍. അതേസമയം, ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന കര്‍ശന നിര്‍ദേശം വിമാനത്താവള അധികൃതര്‍ നല്‍കിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംഘത്തിലെ മലയാളികള്‍. പല തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു അറിയിപ്പും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മാര്‍ച്ച് 16 മുതലാണ് ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. കൂട്ടത്തില്‍ പ്രായമായവരും കൊച്ചു കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്.

വിസ കാലാവധി കഴിഞ്ഞവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കിയാല്‍ തിരിച്ച് എങ്ങോട്ട് പോകണമെന്നും അറിയാതെ കുടുങ്ങി നില്‍ക്കുകയാണ് ഇവര്‍. ഭക്ഷണത്തിനുള്ള കാശ് പോലും പലരുടെയും കൈവശമില്ലെന്നും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ പറയുന്നു. 25ലേറെ മലയാളികളാണ് ഈ സംഘത്തിലുള്ളത്. ക്വലാലംപൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വണ്ണിലാണ് ഇവരിപ്പോഴുള്ളത്.

Related Articles

Leave a Reply

Back to top button