Karassery

ദിശാബോർഡുകളില്ല ഇവിടെ എല്ലാവർക്കും വഴിതെറ്റുന്നു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ മുക്കിൽ വാഹനങ്ങളെല്ലാം വഴിതെറ്റിപ്പോകുന്ന അവസ്ഥയാണ്. ആറുദിക്കിലേക്കായി വാഹനങ്ങൾ കടന്നുപോകുന്ന ജങ്‌ഷനിൽ ഓരോസ്ഥലത്തേക്കും ഏതുവഴി പോകണമെന്നുകാണിക്കുന്ന ചൂണ്ടുപലക സ്ഥാപിക്കാത്തതാണ് എല്ലാവരെയും വട്ടംകറക്കുന്നത്.

താഴെത്തിരുമ്പാടി-മണ്ടാങ്കടവ് പിഡബ്ല്യുഡി റോഡുമായി മുക്കംകടവ് പാലം റോഡ് വന്ന്‌ സംഗമിക്കുന്ന ജങ്‌ഷനാണിത്. താഴെത്തിരുമ്പാടി-മണ്ടാങ്കടവ് റോഡിന് ഇവിടെ കൊടുംവളവാണ്. ഓരോഭാഗത്തുനിന്നും വരുന്ന സ്ഥലപരിചയമില്ലാത്തവർക്ക്‌ ഇവിടെയെത്തുമ്പോൾ ഏതുഭാഗത്തേക്കാണ് തങ്ങൾക്ക് പോകേണ്ടതെന്ന് തിരിച്ചറിയാൻപറ്റാത്ത അവസ്ഥയാണ്.
വയനാടുവഴി തിരുവമ്പാടിയിലൂടെ തെക്കൻ ജില്ലകളിലേക്കും തിരിച്ചും പോകുന്ന ലോറികളും ടൂറിസ്റ്റ് ബസുകളും ഉൾപ്പെടെ ധാരാളം വാഹനങ്ങൾ ഓടുന്ന റൂട്ടാണിത്. മുക്കംവഴി കക്കാടംപൊയിൽ ഭാഗത്തേക്കുള്ള ധാരാളം വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഇതുവഴിയാണ് ഓടുന്നത്. കുമാരനെല്ലൂർ മുക്ക് എത്തുമ്പോൾ മുക്കംകടവ് റോഡിലേക്ക് തിരിയുന്നതിനുപകരം മണ്ടാങ്കടവ്-കാരമൂല ഭാഗത്തേക്ക് വഴിതെറ്റിപ്പോകുന്നത് പതിവാണ്. അതേപോലെ കാരമൂലവഴി തിരുവമ്പാടിയിലേക്കുപോകേണ്ട വാഹനങ്ങൾ മുക്കംകടവ് റോഡിലേക്കും മുക്കത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവമ്പാടി ഭാഗത്തേക്കും വഴിതെറ്റി പോകാറുണ്ട്. ലോറികൾ ടൂറിസ്റ്റ് ബസുകൾ മുതലായ വലിയ ഭാരവാഹനങ്ങളും മറ്റും വഴിതെറ്റി മുന്നോട്ടുപോയാൽ പിന്നീട് തിരിച്ചെടുക്കാൻ അടുത്തൊന്നും സൗകര്യമില്ല.

ഏറെദൂരം മുന്നോട്ടുപോയിവേണം മടങ്ങിവരാൻ. ഒരുമിച്ചുവരുന്ന വിവാഹപ്പാർട്ടികളുടെയും വിനോദയാത്രക്കാരുടെയുമൊക്കെ വാഹനങ്ങൾ കൂട്ടംതെറ്റി പലവഴിക്കുപോകുന്ന അവസ്ഥയും ഇവിടെ പതിവാണ്. ജങ്‌ഷനിലെത്തിയശേഷം ദിശയറിയാതെ പെട്ടെന്ന്‌ നിർത്തി വഴിചോദിക്കുന്ന വാഹനങ്ങൾ ധാരാളമാണ്. ആറുഭാഗത്തേക്കും വാഹനങ്ങൾവരുന്ന തിരക്കിനിടയിൽ വഴിചോദിക്കാൻ പെട്ടെന്ന് നിർത്തുന്നത് കൂട്ടിമുട്ടി അപകടങ്ങളും ഗതാഗതതടസ്സവും ഉണ്ടാക്കാറുമുണ്ട്.താഴെത്തിരുവമ്പാടി-മണ്ടാങ്കടവ് റോഡ് നവീകരണം പൂർത്തിയാക്കിയിട്ട് രണ്ടുവർഷത്തോളമായി. മുക്കംകടവ് പാലം കുമാരനെല്ലൂർമുക്ക് റോഡ് നവീകരിച്ചിട്ടും മാസങ്ങളായി. ഈ റോഡുകളിൽ ജങ്‌ഷന്റെ നൂറോ ഇരുനൂറോ മീറ്റർ മുൻപായി ഓരോസ്ഥലത്തേക്കുമുള്ള ദിശകാണിക്കുന്ന ചൂണ്ടുപലകകൾ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം നടപ്പാക്കാത്തതാണ് യാത്രക്കാരെ വട്ടംകറക്കി കഷ്ടത്തിലാക്കുന്നത്.

Related Articles

Leave a Reply

Back to top button