Karassery

നല്ല കെട്ടിടം നല്ല വിദ്യാഭ്യാസത്തിന് അനിവാര്യം; മന്ത്രി ശിവൻകുട്ടി

കാരശ്ശേരി : ആധുനികസൗകര്യങ്ങളുള്ള കെട്ടിടം വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കക്കാട് ജിഎൽപി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സംസ്ഥാന പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വർണക്കൂടാരം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഭാവിയെക്കരുതി ഏറ്റവും ആധുനികമായ വിദ്യാഭ്യാസം നൽകാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആധുനികസൗകര്യങ്ങളുള്ള സ്കൂളുകൾ സ്ഥാപിക്കുകവഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 1.34 കോടിരൂപ ചെലവിട്ടാണ് കക്കാട് ജിഎൽപി സ്കൂളിന്റെ ആധുനികനിലവാരത്തിലുള്ള കെട്ടിടത്തിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയാക്കിയത്. പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാൻഫണ്ടിൽനിന്ന് ഒരുകോടിരൂപ ചെലവിട്ടുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനും തുടക്കംകുറിച്ചു. എസ്എസ്‌കെ ഫണ്ടുപയോഗിച്ചാണ് വർണക്കൂടാരം ഒരുക്കിയത്. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. എക്സി. എൻജിനിയർ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ, വി.പി. ജമീല, ജംഷിദ് ഒളകര, ജിജിതാ സുരേഷ്, എം.എ. സൗദ, ആമിന എടത്തിൽ, എ.കെ. അബ്ദുൽ ഹക്കീം, ടി. ദീപ്തി, ജാനീസ് ജോസഫ്, മുനീർ പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button