Anakkampoyil

തുരങ്കപാത നിർമ്മാണത്തിന് തുടക്കം; മുഖ്യമന്ത്രി തറക്കല്ലിട്ടു

ആനക്കാംപൊയിൽ :മലബാറിൻ്റ വ്യവസായിക വികസനത്തിന് കുതിപ്പേകുന്ന വയനാട് തുരങ്കപാത നിർമ്മാണത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പാത തുടങ്ങുന്ന കോഴിക്കോട് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉൾപ്പടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്കപ്പാതയാണ് നിർമിക്കുന്നത്. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താനുള്ള എളുപ്പവഴിക്ക് 2,134 കോടിയാണ് നിർമാണ ചെലവ്. പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിൻ്റേയും സുൽത്താൻ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കൽപറ്റയിലേക്ക് 7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും അധികം സഞ്ചരിക്കേണ്ടിവരും. പക്ഷെ ഹെയർപിൻ വളവുകളൊന്നുമില്ലാത്തതുകൊണ്ട് ഇപ്പോഴെടുക്കുന്നതിനേക്കാൾ പകുതി സമയം മാത്രമേ ലക്ഷ്യസ്ഥാനത്തെത്താൻ വേണ്ടിവരുകയുള്ളൂ.

മലബാറിന്റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത നൽകുന്നത്. താമരശേരി ചുരം ഒഴിവാക്കാമെന്നതാണ് ഏറ്റവും വലിയ മെച്ചം. ചുരത്തിൽ കുടുങ്ങുന്നതും ഗതാഗതക്കുരുക്കും ഒഴിവാക്കാം. ഉരുൾപൊട്ടൽ കൂടി ഉണ്ടായതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് പിന്നെയും കുറഞ്ഞു. എന്നാൽ തുരങ്കപാത വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് കരുതുന്നത്. അതുവഴി കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും.ഊട്ടി, മൈസുരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാകും ആനക്കാംപോയിലേത്. അതുകൊണ്ടുതന്നെ പാതയും ടൂറിസം സ്പോട്ടായി മാറും. തുരങ്കപാതയിലൂടെ ചരക്ക് നീക്കം സുഗമമാകുന്നതോടെ വ്യവസായ ഇടനാഴിയായും തുരങ്കപാത മാറും. സുഗന്ധവ്യഞ്ജനങ്ങൾ പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയവയുടെ നീക്കവും എളുപ്പമാകും.

Related Articles

Leave a Reply

Back to top button