കൊടിയത്തൂരിലെ പൊതുമരാമത്ത് റോഡുകൾ ഗതാഗത യോഗ്യമാക്കണം- വെൽഫെയർ പാർട്ടി

കൊടിയത്തൂർ: കൊടിയത്തൂരിലെ തകർന്ന് തരിപ്പണമായ പി.ഡബ്ലൂ.ഡി റോഡുകൾ എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ എം എൽ എയും ബന്ധപ്പെട്ട വകുപ്പധികൃതരും അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. തെയ്യത്തും കടവ് – കോട്ടമ്മൽ, കോട്ട മുഴി – കോട്ടമ്മൽ, മാട്ടുമുറി – കോട്ടമ്മൽ റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ട് ഗതാഗതം ദുഷ്ക്കരമായിരിക്കുന്നത്. യാത്രാ ദുരിതത്തിന് പുറമെ കോട്ടമ്മൽ അങ്ങാടിയിലെ വ്യാപാരത്തെയും ഇത് സാരമായി ബാധിച്ചിരിക്കുന്നു.
കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ചന്ദ്രൻ കല്ലുരുട്ടി ഉപഹാര സമർപ്പണം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.എ ഹകീം മാസ്റ്റർ, സെക്രട്ടറി ഇ.എൻ. നദീറ, വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ, എ.പി. നസീം, ജ്യോതിബസു കാരക്കുറ്റി എന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റ് കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിയോട്ട് സ്വാഗതവും മുംതാസ് കൊളായിൽ നന്ദിയും പറഞ്ഞു







