Mukkam

മുക്കത്ത് വഴിയോര വിശ്രമകേന്ദ്രം ഇനിയും യാഥാർഥ്യമായില്ല

മുക്കം : മുക്കം നഗരസഭാ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യാഥാർഥ്യമാകാതെ സ്വപ്നപദ്ധതി! സ്വച്ച് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നൂറുദിന കർമപദ്ധതിയുടെ ഭാഗമായി വിഭാവനംചെയ്ത വഴിയോര വിശ്രമകേന്ദ്രംപദ്ധതിയാണ് അഞ്ചുവർഷങ്ങൾക്കിപ്പുറവും യാഥാർഥ്യമാകാതെ കിടക്കുന്നത്.

മലയോരമേഖലയിൽ പദ്ധതി ആദ്യം നടപ്പിലാക്കാൻ രംഗത്തിറങ്ങിയത് മുക്കം നഗരസഭയായിരുന്നു. എന്നാൽ, പദ്ധതി പ്രദേശത്തിന് സമീപത്തെ ഭൂവുടമകൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ നിർമാണം നിലച്ചു. അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന മുക്കം അഗ്നിരക്ഷാ നിലയത്തിന് എതിർവശത്ത് വഴിയോര വിശ്രമകേന്ദ്രം നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. നിർമാണ പ്രവൃത്തി ആരംഭിച്ചപ്പോൾ, പുരയിടത്തിലേക്ക് വഴി തടസ്സപ്പെടുത്തുന്നതായി കാണിച്ചു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏറെ നാളത്തെ നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ പരാതിക്കാരന് അനുകൂലമായവിധി വന്നതോടെ നിർമാണം പാതിവഴിയിൽ നിലച്ചു. ഇതോടെ, കരാറുകാരന് അതുവരെ പൂർത്തിയാക്കിയ പ്രവൃത്തിയുടെ പണം നൽകി.

പിന്നീട്‌, അഗ്നിരക്ഷാനിലയത്തിന് സമീപത്ത് ബ്രിട്ടീഷ് പാലത്തിനടുത്ത് നിർമാണം നടത്താൻ നഗരസഭ തീരുമാനിച്ചു. താലൂക്ക് സർവെയറുടെ നേതൃത്വത്തിൽ സ്കെച്ചും നഗരസഭയുടെ നേതൃത്വത്തിൽ പ്ലാനും തയ്യാറാക്കി, ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ സമീപത്തെ വയൽ ഉടമ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ നിർമാണം വീണ്ടും പ്രതിസന്ധിയിലായി.
മുക്കത്തെ വഴിയോര വിശ്രമകേന്ദ്രം പരാതിയിൽ ‘കുടുങ്ങി’ കിടക്കുമ്പോൾ തൊട്ടടുത്തുള്ള പഞ്ചായത്തുകളായ കാരശ്ശേരിയിലും കൊടിയത്തൂരിലും പദ്ധതി യാഥാർഥ്യമാക്കുകയുംചെയ്തു.
20 ലക്ഷം വകയിരുത്തിയത് നാലുവർഷം വഴിയോര വിശ്രമകേന്ദ്രം നിർമിക്കാൻ മുക്കം നഗരസഭ ബജറ്റിൽ 20 ലക്ഷം രൂപ വകയിരുത്തിയിട്ട് വർഷങ്ങളായി. ഓരോ വർഷവും ബജറ്റിൽ ഈ തുക നിലനിർത്താറാണ് പതിവ്. രണ്ടുനിലകളുള്ള കെട്ടിടത്തിൽ ടെലിവിഷനും ഏസിയും മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുവീതവും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ശൗചാലയവുമുണ്ടാകും. കൂടാതെ ലഘുഭക്ഷണങ്ങൾ ലഭ്യമാകാൻ കഫ്റ്റീരിയ സൗകര്യമുണ്ടാകും.

എന്നാൽ, പദ്ധതി പ്രദേശത്തിന് സമീപത്തെ ഭൂവുടമകൾ നിരന്തരം പരാതിയുമായി രംഗത്തെത്തിയതോടെ നഗരസഭ പദ്ധതി ഉപേക്ഷിച്ചു. 2025-ലെ ബജറ്റിൽ പദ്ധതിക്കായി തുക വകയിരുത്തുകയും ചെയ്തിരുന്നില്ല.സ്ഥലം ലഭിക്കാത്തതാണ് പ്രശ്നം വഴിയോര വിശ്രമ കേന്ദ്രം നിർമിക്കാൻ സംസ്ഥാന പാതയോരത്ത് സ്ഥലം ലഭ്യമാകാത്തതാണ് പ്രശ്നം. പദ്ധതിക്ക് രണ്ടുതവണ സ്ഥലംകണ്ടെത്തിയെങ്കിലും പ്രദേശവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു

Related Articles

Leave a Reply

Back to top button