Kodiyathur

ഇഷ്ടിക കമ്പനി – പരിയാരം റോഡ്, കോട്ടമ്മൽ കുയ്യിൽ റോഡുകൾ യാഥാർത്ഥ്യമായി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ 2 റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി എ.പി അഷ്റഫ് സ്മാരക ഇഷ്ടിക കമ്പനി- പരിയാരം റോഡും കോട്ടമ്മൽ കുയ്യിൽ റോഡുമാണ് കോൺക്രീറ്റ് ചെയ്തത്. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.

കൊടിയത്തൂർ – നെല്ലിക്കാപറമ്പ് റോഡിനോട് ചേർന്ന പ്രദേശമായിട്ടും വാഹനങ്ങൾ കൊണ്ട് പോവാൻ സൗകര്യപ്രദമായ ഒരു റോഡില്ലാത്തത് പ്രദേശത്തെ വയാേധികരും രോഗികളുമുൾപ്പെടെയുള്ളവർക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഷ്ടിക കമ്പനി- പരിയാരം റോഡിന് ഫണ്ട് വകയിരുത്തിയത്.

ഇതോടെ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കാനായെന്ന് വാർഡ് മെമ്പർ ഷംലൂലത്ത് പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കോട്ടമ്മൽ – കുയ്യിൽ റോഡ് കോൺക്രീറ്റ് ചെയ്തത്. നിലവിൽ കാരക്കുറ്റി – പി.ടി.എം സ്കൂൾ റോഡിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടന്നും മഴ കാരണം പ്രവൃത്തി നടത്താൻ പറ്റാത്ത സാഹചര്യമാണന്നും ഉടൻ പ്രവൃത്തി നടക്കുമെന്നും വാർഡ് മെമ്പർ പറഞ്ഞു. റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ വി. ഷംലൂലത്ത് നിർവഹിച്ചു.സി.പി അസീസ്, അഹമ്മദ് പൂളക്കത്തൊടി, വി അഹമ്മദ്, എ പി അബ്ദുസ്സമദ്, അബ്ദുസ്സലാം ചെറുകുന്നത്, അബ്ദുറഹ്മാൻ പൂളക്കത്തൊടി, ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button