Anakkampoyil

വെള്ളംകയറിയ ചപ്പാത്തിലൂടെ സഞ്ചരിക്കവേ കാർ ഒഴുക്കിൽപ്പെട്ടു

ആനക്കാംപൊയിൽ : തോടിനുകുറുകേയുള്ള, വെള്ളംകയറിയ ചപ്പാത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണംവിട്ട് തോട്ടിലേക്കുവീണ കാർ നൂറുമീറ്ററോളം ഒലിച്ചുപോയി. കാർ മുങ്ങാൻതുടങ്ങിയതോടെ യാത്രക്കാരായ രണ്ടുയുവാക്കളും പുറത്തേക്ക് എടുത്തുചാടി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ആനക്കാംപൊയിൽ സ്വദേശികളായ മാത്തൊടിക അമൽ (32), സുഹൃത്ത് ജസ്വിൻ (32) എന്നിവരാണ് മുങ്ങിയ കാറിൽനിന്ന്‌ പുറത്തുചാടി നീന്തി കരയ്ക്കുകയറിയത്.

തട്ടൂർപറമ്പ്-എലോക്കര റോഡിലെ ചപ്പാത്തിൽ ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ആനക്കാംപൊയിലിൽനിന്നും ഈങ്ങാപ്പുഴയ്ക്ക് വരുകയായിരുന്നു കാർ. ആസമയം, തട്ടൂർപറമ്പിൽനിന്ന്‌ എലോക്കരയിലേക്കുള്ള വഴിയിലെ തോടിനുകുറുകേയുള്ള ചപ്പാത്തിൽ വെള്ളംകയറിയിരുന്നു. എന്നാൽ, അത്രശക്തിയായി മഴപെയ്തിരുന്നില്ലെന്ന് അമൽ പറയുന്നു. ഈ ഭാഗത്തെത്തിയപ്പോൾ കാർ വെള്ളക്കെട്ടിൽ തെന്നിമാറി തോട്ടിലേക്കുവീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് കാർ ഒലിച്ചുപോവാൻതുടങ്ങിയതോടെ ഇരുവരും കാറിൽനിന്ന്‌ എടുത്തുചാടിയതാണ് അത്യാഹിതമൊഴിവാക്കിയത്. ഒഴുക്കിൽപ്പെട്ട ഭാഗത്തുനിന്ന് നൂറുമീറ്ററോളം അകലെനിന്നാണ് തോട്ടിൽ മുങ്ങിക്കിടന്ന കാർ പുറത്തെടുത്തതെന്ന് അമലും ക്രെയ്ൻ ഓപ്പറേറ്റർ ജാഫറും പറഞ്ഞു.

Related Articles

Leave a Reply

Back to top button