പറപ്പറ്റ പാലം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമ ഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സിഎംഎൽആർ ആർ) 3 കോടി രൂപ അനുവദിച്ചാണ് പറപ്പറ്റ പാലം നിർമിച്ചത്. കോടഞ്ചേരി-പറപ്പറ്റ-ചെമ്പുകടവ്-അടിവാരം റോഡിൽ ചാലിപ്പുഴയിലാണ് പറപ്പറ്റ പാലം. പാലത്തിന് തറക്കല്ല് ഇട്ട മന്ത്രി തന്നെ പാലം ഉദ്ഘാടനം ചെയ്തു എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ നല്ല പാലം നല്ല റോഡുകൾ,നല്ല വീട് എന്നിവയൊക്കെ ഉണ്ടായിട്ടും നാട് വൃത്തിയാക്കി സൂക്ഷിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും ഉദ്ബോധിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമഫലമായി സ്‌ഥല ഉടമകൾ സൗജന്യമായി ലഭ്യമാക്കിയതിന്റെ ഭാഗമായിട്ടാണ് പാലത്തിന് നിർമ്മാണം പൂർത്തീകരിച്ചത്.പുതിയ പാലം പണിയുന്നതിന് ആവശ്യമായ പാലത്തിന്റെ ഡിസൈനിങ്, ബോറിങ് (മണ്ണ് പരി ശോധന), കെഎസ്ഇബി ലൈനുകൾ മാറ്റി സ്ഥാപിക്കൽ എന്നിവയ്ക്കായി പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. 33 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലും രണ്ട് സ്പാനുകളിലാണു പാലം, പാലത്തിന്റെ ഒരറ്റത്ത് ചെമ്പുകടവ് ഭാഗത്ത് 70 മീറ്റർ നീളത്തിലും പാലത്തിന്റെ മറുഭാഗത്ത് കോടഞ്ചേരി ഭാഗത്ത് 140 മീറ്റർ നീളത്തിലും അനുബന്ധ റോഡും നിർമിച്ചു. പാലത്തിന്റെ കോടഞ്ചേരി ഭാഗത്ത് പുഴയോരത്തെ താമസക്കാർക്ക് സർവീസ് റോഡും പണിതു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.പാലത്തിന്റെ ചെമ്പുകടവ് ഭാഗത്ത് അനുബന്ധ റോഡ് വീതികുട്ടി ഇന്റർലോക്ക് നിരത്തി. മെറ്റൽ കൈവരികൾ സ്‌ഥാപിച്ച് പുഴയോരം ഭംഗിയാക്കി. പഞ്ചായത്ത് ഭരണ സമിതിയുടെയും പഞ്ചായത്ത് എൻജിനീയർ വിഭാഗത്തിന്റെയും മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ.
ഉയരം കുറഞ്ഞ കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലം പൊളിച്ചു നീക്കിയാണു പുതിയ പാലം പണിതത്.







