ഇതരസംസ്ഥാന നേന്ത്രക്കുലകൾ വിപണി പിടിക്കുന്നു

കോടഞ്ചേരി : നാടൻ നേന്ത്രക്കുലകളെ പിന്തള്ളി തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും എത്തുന്ന വിലകുറഞ്ഞ നേന്ത്രക്കുലകൾ വിപണി പിടിക്കുന്നു. ഇതോടെ നാടൻ നേന്ത്രക്കുലകൾക്ക് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വില പകുതിയിലും താഴെയായി. കിലോയ്ക്ക് 30 രൂപ തോതിലാണ് നാടൻ നേന്ത്രക്കുലകളുടെ മൊത്തവ്യാപാരം ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ 60-70നും ഇടയിലായിരുന്നു വില. നാടൻ നേന്ത്രക്കുലകളുടെ സീസൺ തുടങ്ങുമ്പോഴുള്ള വിലയിടിവിൽ അങ്കലാപ്പിലാണ് വാഴക്കർഷകർ. ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയെന്ന് കർഷകർ പരിതപിക്കുന്നു.
തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നും കർണാടകത്തിലെ ചാമരാജ് നഗറിൽ നിന്നും ദിവസേന 10 ടൺ നേന്ത്രക്കുലകൾ മലയോര പഞ്ചായത്തുകളിലേക്ക് മാത്രം എത്തുന്നുണ്ട്. കിലോയ്ക്ക് 20 രൂപയിലും താഴെയാണ് ഇതിന്റെവില. നാടൻ നേന്ത്രക്കുലകൾക്ക് ക്ഷാമം ഉണ്ടെങ്കിലും വിലകൂടിയതിനാൽ വ്യാപാരികൾക്ക് ഇവ വാങ്ങിക്കാൻ വിമുഖതയാണ്.
അതുകൊണ്ടുതന്നെ, കർഷകർക്ക് ഉയർന്നവില കിട്ടുന്നില്ല. പുറത്തുനിന്നെത്തുന്ന തുടുത്ത, വലിപ്പമുള്ള നേന്ത്രക്കുലകൾ, കടകളുടെ മുമ്പിൽ എത്തിച്ചു നൽകുന്നതിനാൽ കച്ചവടക്കാർക്കും ഇതിനോട് താത്‌പര്യമാണ്. ചിപ്സ്, പഴംപൊരി എന്നിവയ്ക്കെല്ലാം പുറത്തുനിന്നും എത്തുന്ന നേന്ത്രക്കുലകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
മൈസൂർപൂവൻ, ഞാലിപ്പൂവൻ തുടങ്ങിയ ചെറുപഴങ്ങളുടെ വരവ് കുറഞ്ഞതിനാൽ ഇവയുടെ വില കൂടിയിട്ടുണ്ട്. ഞാലിപ്പൂവൻകുല കിലോയ്ക്ക് 45 രൂപ നൽകി കർഷകരിൽനിന്നും സംഭരിക്കുന്നുണ്ട്. കഴിഞ്ഞതവണത്തെക്കാൾ ഉയർന്ന വിലയാണിത്. ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിനുള്ള കാരണമായി വ്യാപാരികൾ പറയുന്നത്.







