തത്ത്വ ഫെസ്റ്റിന് എൻഐടിസിയിൽ തുടക്കമായി

മുക്കം : ദക്ഷിണേന്ത്യയിലെ വലിയ ടെക്നോ-മാനേജ്മെന്റ് ഫെസ്റ്റുകളിലൊന്നായ ‘തത്ത്വ 25’-ന് എൻഐടിസിയിൽ തുടക്കമായി. ഒക്ടോബർ 26 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ആറായിരത്തിലധികം വിദ്യാർഥികൾ പങ്കാളികളാകും.
ഡിആർഡിഒ (ന്യൂഡൽഹി) എഫ്ടിഎം ഡയറക്ടർ ഡോ. എൻ. രഞ്ജന ഫെസ്റ്റ് ഉദ്ഘാടനംചെയ്തു. ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ പ്രതിരോധരംഗത്തെ സാങ്കേതികവിദ്യയുടെ പങ്ക് അവർ പങ്കുവെച്ചു. രാജ്യത്തിനായി ഭാവിയിലെ സാങ്കേതികമുന്നേറ്റങ്ങൾ നയിക്കാൻ വിദ്യാർഥികളടങ്ങുന്ന വരുംതലമുറയ്ക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.
എൻഐടിസി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി.വിശിഷ്ടാതിഥികളായ എൽപിഎസ്‌സി-ഐഎസ്ആർഒ (തിരുവനന്തപുരം) ശാസ്ത്രജ്ഞൻ ഡോ. റെജി ജോസഫ്, മിന്ത്ര, ഗോസി എച്ച്കെ (ബെംഗളൂരു) സ്ഥാപക ഡയറക്ടർ ശങ്കർ ബോറ എന്നിവർ മുഖ്യാതിഥികളായി. സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ ഡോ. സത്യാനന്ദ പാണ്ഡ, ഐഎസിആർ ഡീൻ പ്രൊഫ. എം.കെ. രവിവർമ എന്നിവർ സംസാരിച്ചു.
ടെക് എക്സ്പോ, ശില്പശാലകൾ, ടെക് കോൺക്ലേവിന്റെ ഭാഗമായുള്ള സെഷനുകൾ എന്നിവ വരുംദിവസങ്ങളിൽ നടക്കും. പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു ഉൾപ്പെടെയുള്ള പ്രമുഖർ കോൺക്ലേവിൽ പങ്കെടുക്കും. റോബോവാർസും ‘നെക്സസ് വിആർ അരീന’യുമാണ് മേളയിലെ പ്രധാന ആകർഷണം. ആവേശകരമായ ഓട്ടോമോട്ടീവ് ഷോ, വിവിധ ഡിസൈൻ ഷോക്കേസുകൾ, എക്സിബിഷനുകൾ, കലാപരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 26-ന് ഫെസ്റ്റ് സമാപിക്കും.







