India

വന്‍ തീപിടുത്തം; രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു, നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിയില്‍ വന്‍തീപിടുത്തം. നിരവധി വീടുകള്‍ കത്തിനശിച്ചു. സൗത്ത്-ഈസ്റ്റ് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തകരുടെ മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയില്‍ തീപിടുത്തമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ തീപിടുത്തമുണ്ടായ ഉടനെ ആളുകള്‍ മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, അപകടത്തില്‍ ചിലര്‍ക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് 28 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ പ്രയത്‌നത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു. 1200ഓളം വീടുകള്‍ നശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. നഷ്ടം കണക്കാക്കുകയാണെന്ന് ഡിസിപി രാജേന്ദ്രപ്രസാദ് മീണ പറഞ്ഞു.

Related Articles

Leave a Reply

Back to top button