വർഷങ്ങൾക്കുശേഷം തോട്ടുമുക്കത്തേക്ക് വീണ്ടും ബസ് സർവീസ്

കൊടിയത്തൂർ : വർഷങ്ങൾനീണ്ട പരാതികൾക്കും പരിദേവനങ്ങൾക്കുമൊടുവിൽ കോഴിക്കോട്-മുക്കം-പാറത്തോട്-തോട്ടുമുക്കം കെഎസ്ആർടിസി ബസ് സർവീസ് തിരിച്ചുവരുന്നു. കോവിഡ് കാലത്ത് നിർത്തിവെച്ചതിനുശേഷം ഈ സർവീസ് പുനരാരംഭിച്ചിരുന്നില്ല. തിരുവമ്പാടി ഡിപ്പോയിൽനിന്ന് തിങ്കളാഴ്ചമുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്-മുക്കം-പാറത്തോട് -തോട്ടുമുക്കം റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസാണ് സർവീസ് നടത്തിയിരുന്നത്. രണ്ടും കോവിഡ് കാലത്ത് നിർത്തി. ഇപ്പോൾ അതിലൊരെണ്ണം പുനരാരംഭിക്കുന്നത് മലയോരജനതയ്ക്ക് വലിയ അനുഗ്രഹമാണ്.
ഹെയർപിൻ വളവുകൾ ഉൾപ്പെടെയുള്ള പാറത്തോട് മൈസൂർ മലമ്പ്രദേശത്തെ ഏറ്റവും ഉയരംകൂടിയ മലനിരകളാണ്. ഈ മലനിരകൾ കയറിയിറങ്ങിയാണ് തോട്ടുമുക്കത്തേക്കും മറുഭാഗത്തെ മുക്കത്തേക്കുമുള്ള യാത്രാമാർഗം. ഈ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നുമില്ല. ബസ് സർവീസ് ഇല്ലാതായതോടെ പാറത്തോട്, മൈസൂർമല, തോട്ടുമുക്കം പ്രദേശത്തെ ജനങ്ങൾക്ക് രൂക്ഷമായ യാത്രാക്ലേശമാണ്. പശ്ചിമഘട്ടമലനിരകളാൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ട മലയോര കുടിയേറ്റഗ്രാമമാണ് തോട്ടുമുക്കം. ഇവിടെനിന്ന് പുറംലോകവുമായി ബന്ധപ്പെടാൻ ബസ് ഗതാഗതം വളരെ കുറവാണ്. വിവിധ ആവശ്യങ്ങൾക്ക് മുക്കത്തും കോഴിക്കോട് സിവിൽ സ്റ്റേഷനിലും മെഡിക്കൽ കോളേജിലും നഗരത്തിലെ കോളേജുകളിലും മറ്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലുമെല്ലാം പോകേണ്ടവർ ചുറ്റിക്കറങ്ങിയായിരുന്നു യാത്ര. ഇപ്പോൾ കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത് നാട്ടുകാർക്ക് വലിയ ആശ്വാസമാകും. തോട്ടുമുക്കം മൈസൂർ മലമ്പ്രദേശത്തെ രൂക്ഷമായ യാത്രാപ്രശ്നം ‘മാതൃഭൂമി’ പലതവണ റിപ്പോർട്ടുചെയ്തിരുന്നു. മലയോരമേഖല കെഎസ്ആർടിസി ഫോറം ഭാരവാഹികളായ ബാസിത് തോട്ടുമുക്കം, നാരായണൻ മാവാതുക്കൽ എന്നിവർ ബസ് സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി അധികൃതർക്ക് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.







