ഉദാരമതികൾ സ്ഥലംനൽകി; കൊടിയത്തൂരിൽ ഒരു റോഡുകൂടി തുറന്നു

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിൽ ഉദാരമനസ്കരുടെ നന്മയിൽ വീണ്ടും ഒരു റോഡുകൂടി യാഥാർഥ്യമായി. ഒട്ടേറേ കുടുംബങ്ങൾ നീണ്ടകാലമായി കാത്തിരുന്ന കുളങ്ങര-കിഴക്കേക്കണ്ടി റോഡാണ് യാഥാർഥ്യമായത്.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്് സഫൽ കൊടിയത്തൂരിന്റെ ശ്രമത്തെത്തുടർന്ന് ഏതാനും കുടുംബങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതോടെയാണ് ഇടവഴി വാഹനഗതാഗതത്തിന് പറ്റിയ റോഡാക്കി മാറ്റാനായത്. ഇതോടെ ജീവിതത്തിൽ ആദ്യമായി ഈ പ്രദേശത്തെ വീടുകളിലേക്കും ആളുകൾക്ക് വാഹനങ്ങളിൽ എത്താമെന്നായി. പാലിയേറ്റീവ് വാഹനങ്ങൾക്കുൾപ്പടെ ഇവിടേക്ക് എത്താൻ കഴിയാത്തതിനാൽ കിടപ്പു രോഗികളും കുടുംബങ്ങളും ഏറെ പ്രയാസത്തിലായിരുന്നു. വിദ്യാർഥികൾ,വയോജനങ്ങൾ രോഗികൾ തുടങ്ങിയവർക്കൊക്കെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്.
റോഡ് ഉദ്ഘാടനം നാട്ടുകാർ മധുര പാനീയങ്ങൾ വിതരണംചെയ്ത് ആഘോഷമാക്കി. വാർഡംഗം ഫസൽ കൊടിയത്തൂരിനെ പൗരാവലി പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്് ദിവ്യാ ഷിബു റോഡ് ഉദ്ഘാടനംചെയ്തു. ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു , സി.പി. അബ്ബാസ്, സുബൈർ കുളങ്ങര, സലാം കണ്ണഞ്ചേരി, കെ. സമദ്, പി.പി. കരീം, പി.പി. അബ്ദു, റഈസ് ചേപ്പാലി, കാക്കിരി ഹുസൈൻ, പി.പി. ഉണ്ണിമോയി, എ.കെ. മുഹമ്മദ്, റഷീദ് മണക്കാടി, അബ്ദു തറമ്മൽ എന്നിവർ സംസാരിച്ചു.







