മുക്കം നഗരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായകൾ

മുക്കം : രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുക്കം നഗരത്തിലും നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും തെരുവുനായകളുടെ വിഹാരമാണ്. പരിഹാരനടപടികളില്ലാത്തതിനാൽ കുട്ടികളും മുതിർന്നവരുമെല്ലാം തെരുവുനായകളുടെ ആക്രമണം ഭയന്നാണ് പലപ്പോഴും നഗരത്തിലെത്തുന്നത്. രാവിലെ മദ്രസകളിലും ട്യൂഷൻ സെന്ററുകളിലും പോകുന്ന കുട്ടികൾക്കും തെരുവുനായകൾ പേടിസ്വപ്നമാണ്. അതിരാവിലെ ജോലിക്കുപോകുന്നവരുടെയും പാൽ-പത്ര വിതരണക്കാരുടെയും അവസ്ഥ ഇതുതന്നെ.
നഗരസഭയുടെ ഇഎംഎസ് സ്മാരക ഓഡിറ്റോറിയവും പ്രവേശനകവാടവും നായകളുടെ താവളമാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ-സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നതിനാൽ തെരുവുനായശല്യം അതിരൂക്ഷമാണ്. ഇവിടങ്ങളിലെ ഭക്ഷണാവശിഷ്ടവും നഗരത്തിലെ മത്സ്യ-ഇറച്ചിക്കടകളിലെ അവശിഷ്ടവുമാണ് തെരുവുനായകളുടെ പ്രധാനഭക്ഷണം.
തെരുവുനായ ആക്രമണം ഉണ്ടാകുമ്പോൾ, അക്രമകാരിയായ നായയെ ഇല്ലാതാക്കുന്നതിൽ ഒതുങ്ങും തദ്ദേശസ്ഥാപനങ്ങളുടെ തെരുവുനായകൾക്കെതിരായ നടപടി. രണ്ടുവർഷംമുൻപ്, തെരുവുനായശല്യം അതിരൂക്ഷമായതിനെത്തുടർന്ന് വന്ധ്യംകരണം നടത്തിയിരുന്നു. കൃത്യമായ ഇടവേളകളിൽ വന്ധ്യംകരണ നടപടികൾ സ്വീകരിച്ച്, തെരുവുനായശല്യം ഇല്ലാതാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ, തുടർനടപടി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് നാട്ടുകാർ പറയുന്നു. നായകളെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിസ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.വിധി സ്വാഗതാർഹം
തെരുവുനായകളെ പൊതു ഇടങ്ങളിൽനിന്ന് മാറ്റണമെന്നുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. നരിക്കുനി അങ്ങാടിയിൽ ആദ്യമെത്തുന്നവരാണ് പത്ര ഏജന്റുമാർ. ഏജന്റുമാരെ ആക്രമിക്കുകയും പത്രക്കെട്ടുകൾ കടിച്ചുകീറി നശിപ്പിക്കുന്നതും നിത്യസംഭവമാണ്. നായശല്യത്തിന് പരിഹാരംകാണാൻ സാധിച്ചാൽ പത്ര ഏജന്റുമാർക്കും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും വലിയ ആശ്വാസമാകും.







