കക്കാടംപൊയിലിലെ ഭക്ഷ്യ വിൽപ്പനശാലകളിൽ മിന്നൽപ്പരിശോധന

തിരുവമ്പാടി : ഹെൽത്തി കേരള കാംപെയ്‌നിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പ്പരിശോധന. ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കടകളിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ കണ്ടെത്തി. ഇവ കടയുടമകളെക്കൊണ്ടുതന്നെ നശിപ്പിക്കുകയും ചെയ്തു.
പ്രധാന വിനോദസഞ്ചാരമേഖലയാണിത്. ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ കൂടാതെ പ്രവർത്തിച്ചതും, ശുചിത്വ മാനദണ്ഡങ്ങളും, പുകയില നിയന്ത്രണവും പാലിക്കാത്തതുമായി ആറ് കടകൾക്ക് നോട്ടീസ് നൽകി.പരിശോധനയ്ക്ക് കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ആദിഷ്, പി.ആർ. വർഷ, എം. ഡി. റിതേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പൊതുജനാരോഗ്യ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരായ കർശനനടപടികൾ തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ അറിയിച്ചു.






