Thiruvambady
കൂമ്പാറ വാർഡ്: കോൺഗ്രസ് വിമതസ്ഥാനാർഥിയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കംചെയ്തു

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ യുഡിഎഫ് റിബൽ സ്ഥാനാർഥായായി മത്സരിക്കുന്ന ഷേർലി ജോസിനെയും പാർട്ടി ബൂത്ത് മുൻപ്രസിഡന്റ് മാത്യു പാലക്കതടത്തെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കംചെയ്തതായി മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ അറിയിച്ചു. ഡിഡിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നിർദേശപ്രകാരമാണിത്.
വിമതസ്ഥാനാർഥിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രവർത്തിക്കുന്നതുകാരണമാണ് മുൻ ബൂത്ത് പ്രസിഡന്റിനെതിരായ നടപടി. കോൺഗ്രസിലെ സക്കീനാ സലീം ആണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗികസ്ഥാനാർഥി. എൽഡിഎഫിൽ സിപിഐയുടെ റസീനാ ശിഹാബും ബിജെപിയുടെ സജിനി ജോസഫും മത്സരരംഗത്തുണ്ട്. പഞ്ചായത്തിൽ യുഡിഎഫിന് വിമതഭീഷണിയുള്ള ഏകവാർഡാണിത്.






