കേരളം സമഗ്രമായ മാറ്റത്തിന് കാതോർക്കുന്നു -ടി.പി. ജയചന്ദ്രൻ

പുതുപ്പാടി : ജില്ലാപഞ്ചായത്ത് പുതുപ്പാടി ഡിവിഷൻ ബിജെപി സ്ഥാനാർഥി ഷാൻ കട്ടിപ്പാറയുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്രയ്ക്ക് അടിവാരത്ത് തുടക്കമായി. ബിജെപി സംസ്ഥാന മുഖ്യ വക്താവ് ടി.പി. ജയചന്ദ്രൻ പ്രചാരണയാത്ര ഉദ്ഘാടനംചെയ്തു. കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ സാധാരണക്കാർക്ക് പ്രതീക്ഷയേകുന്ന നിലവിലെ സാഹചര്യത്തിൽ കേരളം സമഗ്രമായ മാറ്റത്തിന് കാതോർക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.എ. സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ലിബിൻ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കൽ, ടി.പി. അനന്തനാരായണൻ, ബൈജു കല്ലടിക്കുന്ന് എന്നിവർ സംസാരിച്ചു.
പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വാർഡ്, ബ്ലോക്ക് ബിജെപി സ്ഥാനാർഥികൾക്കും യോഗത്തിൽ സ്വീകരണംനൽകി. ബുധനാഴ്ച ആരംഭിച്ച പ്രചാരണ യാത്ര 4, 5 തീയതികളിലായി ജില്ലാ പഞ്ചായത്ത് പുതുപ്പാടി ഡിവിഷനിലെ മുഴുവൻ വാർഡുകളിലൂടെയും സഞ്ചരിച്ച് വെള്ളിയാഴ്ച ഈങ്ങാപ്പുഴയിൽ സമാപിക്കും.







