Koodaranji

കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ വളവ് പേടിസ്വപ്നമാകുന്നു; കർശന സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യം

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിലെ പീടികപ്പാറ വളവ് യാത്രാക്ലേശവും അപകടഭീഷണിയും കാരണം പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്നമായി മാറുന്നു. കുത്തനെയുള്ള ഇറക്കവും കോട്ടുവളവുമുള്ള ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങളുടെ കുറവ് കാരണം നിരന്തരം അപകടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം ഇവിടെ 13 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിലുണ്ടായ അപകടത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

മലയോര ഹൈവേയുടെ ഭാഗമായ ഈ റോഡിൽ ഫാർ ജങ്ഷൻ മുതൽ താഴെ കക്കാട് വരെയുള്ള ഭാഗത്ത് യാതൊരുവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. റോഡിന്റെ മുകൾഭാഗം മുതൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ശക്തമായി ആവശ്യപ്പെടുന്നു. എസ് വളവ് ഇറങ്ങി വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങൾ മറിയുന്നത് ഒഴിവാക്കാൻ ഡായാ റോളർ ക്രാഷ് ബാരിയർ, സൈൻ ബോർഡുകൾ, ബമ്പുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിലും, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസും ആവശ്യപ്പെട്ടു. ജീവഹാനിയടക്കം വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയമായ പഠനവും അടിയന്തര ഇടപെടലുകളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പൊതുവെയുള്ള ആവശ്യം.

Related Articles

Leave a Reply

Back to top button