കൊടിയത്തൂർ അങ്ങാടിയിലെ കോട്ടമ്മൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു വീഴുമെന്ന ഭീതിയിൽ നാട്ടുകാർ

കൊടിയത്തൂർ: കൊടിയത്തൂർ അങ്ങാടിയിലെ കോട്ടമ്മൽ കുടിവെള്ളപദ്ധതിയുടെ കൂറ്റൻ ടാങ്കിന്റെ കാലുകൾ പൊട്ടിപ്പൊളിഞ്ഞ വാട്ടർ ടാങ്ക് ഏതുസമയവും തകർന്നു വീഴുമെന്ന ഭീതിയിൽ രാത്രിയിൽ ധൈര്യമായി കിടന്നുറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വാട്ടർ അതോറിറ്റി 1982-ൽ നിർമിച്ച ഈ ജലസംഭരണി പത്തുവർഷത്തോളമായി ഉപയോഗശൂന്യമായിക്കിടക്കുകയാണ്. ജലവിതരണപദ്ധതിയുടെ വെള്ളം സംഭരിക്കുന്നത് പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിനടുത്ത തടായികുന്നിലെ പുതിയ ടാങ്കിലേക്ക് മാറ്റിയിരുന്നു.
38 വർഷം പഴക്കമുള്ള കൂറ്റൻ ടാങ്കിന്റെ കോൺക്രീറ്റ് കാലുകൾ പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തായി അടർന്നുവീഴുന്ന നിലയിലാണ്. ടാങ്കിന് ചുവട്ടിൽ നിറയെ കെട്ടിടങ്ങളും വീടുകളുമാണ്. രണ്ട് വീടുകൾ ടാങ്കിൽനിന്ന് മൂന്നുമീറ്റർമാത്രം അകലത്തിൽ. ഇതിനടുത്തായി വേറേയും വീടുകളുണ്ട്. കൊടിയത്തൂർ പോസ്റ്റോഫീസും വായനശാലയുമടങ്ങുന്ന കെട്ടിടവും മെയിൻറോഡിനോടു ചേർന്നുള്ള പഞ്ചായത്തിന്റെ കെട്ടിടവും ടാങ്കിന് ചുവട്ടിൽത്തന്നെയാണ്. പള്ളിയടക്കമുള്ള കെട്ടിടങ്ങളും തൊട്ടടുത്തുണ്ട്. മഴക്കാലമായതോടെ അപകടഭീതി കൂടിയിട്ടുണ്ട്.







