കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്

മുക്കം : മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ ബാങ്ക് സ്റ്റോപ്പിനുസമീപം കാർ ടിപ്പർലോറിയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാർയാത്രക്കാരായ നല്ലളം തച്ചമ്പലം സ്വദേശികളായ അച്യുതൻ (84), ഗോപേഷ് (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് തെങ്ങിലക്കടവിലേക്ക് വരുകയായിരുന്ന കാർ ചെറൂപ്പ ബാങ്കിനുസമീപം എത്തിയപ്പോൾ അതേ ദിശയിൽവന്ന മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണംവിട്ട് എതിർദിശയിൽനിന്നുവന്ന ടിപ്പർലോറിയുടെ ഡീസൽ ടാങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും നാട്ടുകാരാണ് കാറിൽനിന്ന് പുറത്തെത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടംസംഭവിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. തുടർന്ന്, മാവൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ഇരുവാഹനങ്ങളും റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം നിയന്ത്രിച്ചത്.കൂടാതെ, ലോറിയുടെ ഡീസൽടാങ്ക് തകർന്നതോടെ ഡീസൽ റോഡിലാകെ പടരുകയും അപകടസാധ്യത ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് മാവൂർ പോലീസ് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി റോഡിൽപ്പരന്ന ഡീസൽ കഴുകിക്കളഞ്ഞ് അപകടസാധ്യത ഒഴിവാക്കി.







