Kodiyathur

കൊടിയത്തൂരിൽ ‘കൊടികുത്തിയ പോര്

കൊടിയത്തൂർ : മലയോരമേഖലയിലെ മറ്റെല്ലാ ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും വേറിട്ട് നെൽക്കൃഷിയുടെ നാടാണ് കൊടിയത്തൂർ. മധ്യഭാഗത്തുകൂടി കടന്നുപോകുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ ഒരുവശത്തെ ഭൂപ്രകൃതിയിൽനിന്ന്‌ വളരെ വ്യത്യസ്തമാണ് മറുവശം. കിഴക്കുവശം ഉയരംകൂടിയതും കുറഞ്ഞതുമായ കുന്നുകൾ. ഇരുവഞ്ഞിയും ചാലിയാറും അതിരിട്ടൊഴുകുന്ന പടിഞ്ഞാറുഭാഗത്ത്‌ വയലുകളുമേറെ.കാട്ടുമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ കർഷകർക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആരുനൽകുമെന്നതാണ് തിരഞ്ഞെടുപ്പുകാലത്തെ പ്രധാനവിഷയം.

പുതിയ വാർഡ് വിഭജനത്തിൽ കൊടിയത്തൂരിൽ 19 വാർഡാണുള്ളത്. നേരത്തേ 16 ആയിരുന്നു. കഴിഞ്ഞതിരഞ്ഞെടുപ്പിൽ 14 സീറ്റിന്റെ പിൻബലത്തിലാണ് യുഡിഎഫ് ഭരിച്ചത്. പ്രസിഡൻറ് സ്ഥാനം വനിതാസംവരണമായിരുന്നു. ആദ്യപകുതിയിൽ മുസ്‍ലിംലീഗിലെ വി. ഷംലൂലത്തും പിന്നീട്‌ കോൺഗ്രസിലെ ദിവ്യാ ഷിബുവുമായിരുന്നു പ്രസിഡൻറ്. ഇത്തവണ പ്രസിഡൻറുപദം പട്ടികജാതിവനിതയ്ക്ക് സംവരണംചെയ്തിട്ടുള്ളതാണ്.

അഞ്ചുവർഷത്തെ വിവിധങ്ങളായ ഭരണനേട്ടങ്ങളാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. അതേസമയം, ഭരണത്തിലെ പോരായ്മകളും ആക്ഷേപങ്ങളും സംസ്ഥാനസർക്കാരിന്റെ വിവിധ വികസനക്ഷേമ പദ്ധതികളുമാണ് എൽഡിഎഫിന്റെ ആയുധം. ഇരുമുന്നണിയെയും മാറിമാറി പിന്തുണയ്ക്കാറുള്ള പഞ്ചായത്തുഭരണം ഏതുവിധവും തിരിച്ചുപിടിക്കാനുള്ള കടുത്തപോരാട്ടത്തിലാണ് എൽഡിഎഫ്. ഭരണം നിലനിർത്താനുള്ള അതിശക്തമായ പോരാട്ടവുമായി യുഡിഎഫും. പത്തുവാർഡിൽ ബിജെപിയും മൂന്നുവാർഡിൽ എസ്ഡിപിഐയും ശക്തിപരീക്ഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button