തുല്യശക്തികൾ അങ്കം വെട്ടുന്ന കാരശ്ശേരി

കാരശ്ശേരി : കിഴക്കൻ മലയോര ഗ്രാമമായ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഇന്നും കൊച്ചുകൊച്ച് അങ്ങാടികളും ഗ്രാമീണത്തനിമയുമൊക്കെ ചോർന്നുപോകാതെ നിലനിൽക്കുന്ന ഗ്രാമമാണ്. രാഷ്ട്രീയനിലപാടുകളിലും സമീപനങ്ങളിലും പൊതുവേ വലിയ കർക്കശക്കാരാണ് ഇവിടുത്തെ രാഷ്ട്രീയ പ്രവർത്തകർ. ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും തമ്മിലുള്ള പോരാട്ടം എന്നും വീറും വാശിയും നിറഞ്ഞതാണ്. ഗ്രാമപ്പഞ്ചായത്ത് ഭരണത്തിൽ മുന്നണികൾ മാറിമാറി വരുന്നതാണ് ചരിത്രം. 2015-ൽ എൽഡിഎഫ് ഭരിച്ചപ്പോൾ 2020-ൽ യുഡിഎഫ് ആണ് ഭരണത്തിലെത്തിയത്. പ്രസിഡൻറ് പദം പട്ടികജാതി വനിതാ സംവരണം ആയിരുന്ന പഞ്ചായത്തിൽ ആദ്യപകുതി കോൺഗ്രസിലെ വി.പി. സ്മിതയും അവസാനപകുതി മുസ്‌ലിംലീഗിലെ സുനിതാരാജനുമായിരുന്നു പ്രസിഡൻറ്. പുതിയവാർഡ് വിഭജനത്തെത്തുടർന്ന് പഞ്ചായത്തിൽ 20 വാർഡുകളാണ് ഇപ്പോഴുള്ളത്. പതിവുപോലെ ശക്തമായ ബലപരീക്ഷണമാണ് നടക്കുന്നത്.
മുൻപ് പഞ്ചായത്ത് ഭരിച്ചപ്പോൾ നടപ്പിലാക്കിയ ശ്രദ്ധേയമായ വികസന, ക്ഷേമപദ്ധതികളും സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും ക്ഷേമപദ്ധതികളും കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിനെതിരായ ആരോപണങ്ങളും മറ്റുമാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. കഴിഞ്ഞ ഭരണസമിതിയുടെ ഭരണനേട്ടങ്ങളും പഞ്ചായത്തിന് സർക്കാരിൽനിന്നും ഫണ്ടു കുറഞ്ഞതും വിവിധനികുതികളും ഫീസുകളും വർധിപ്പിച്ചതും ശബരിമല സ്വർണവിവാദവും മറ്റുമാണ് യുഡിഎഫ് ആയുധമാക്കുന്നത്. വാർഡ് തലങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകളും കുടിവെള്ളപ്രശ്നവും ഒക്കെ ഇരുമുന്നണികളും പരസ്പരം ആയുധമാക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരേയും യുഡിഎഫിനെതിരേയും ഒപ്പം കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളും ശബരിമല സ്വർണക്കേസും ഒക്കെ എൻഡിഎയും പ്രചാരണായുധമാക്കുന്നു.







