കെട്ടിടനിർമാണ നടപടി നീളുന്നു

തിരുവമ്പാടി : വാടകക്കെട്ടിടത്തിന്റെ പരിമിതസൗകര്യങ്ങൾക്കുനടുവിൽ വീർപ്പുമുട്ടിക്കഴിയുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ലഭ്യമായിട്ട് ആറുമാസമായെങ്കിലും നിർമാണനടപടികൾ എങ്ങുമെത്തിയില്ല. സൗജന്യമായി ലഭ്യമായ സ്ഥലമാകട്ടെ കാടുമൂടി ഉപയോഗശൂന്യമായിക്കിടക്കുന്നു.
18 വർഷം മുൻപാണ് ഇവിടെ സബ് രജിസ്ട്രാർ ഓഫീസ് അനുവദിക്കുന്നത്. എം.പി. വീരേന്ദ്രകുമാർ എംപിയുടെയും ജോർജ് എം. തോമസ് എംഎൽഎയുടെയും സാന്നിധ്യത്തിൽ 2007 ജനുവരി 27-ന് മന്ത്രി എസ്. ശർമയായിരുന്നു തറക്കല്ലിട്ടത്. ചർച്ച് റോഡിൽ ഗവ. ഐടിഐ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുസമീപം വൻ വാടകനൽകിയാണ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം. വാടകയിനത്തിൽ സർക്കാരിന് വർഷംതോറും ലക്ഷങ്ങളാണ് നഷ്ടമാകുന്നത്.
സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടംവേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കഴിഞ്ഞ ജൂണിലാണ് കേവലം അരക്കിലോമീറ്റർ അകലെ കറ്റിയാട് തമ്പലമണ്ണ റോഡിൽ ഏഴുസെന്റ് ഭൂമി ലഭ്യമായത്.മലയിൽ പുത്തൻപുരയിൽ ജോസ്-ആൻസി ജോസഫ് ദമ്പതിമാരുടെ ഭൂമി വിലയ്ക്കുവാങ്ങി എടച്ചേരി ജംഷീർ എന്നയാളാണ് സബ് രജിസ്ട്രാർ ഓഫീസിന് ഇഷ്ടദാനമായി നൽകിയത്. സബ് രജിസ്ട്രാർ സോണാ ജോർജിന്റെ സാന്നിധ്യത്തിൽ ജില്ലാ രജിസ്ട്രാർ ജനറൽ പി.കെ. ബിജുവാണ് ഭൂവുടമകളിൽനിന്ന് രേഖകൾ ഏറ്റുവാങ്ങിയിരുന്നത്.
കെട്ടിടനിർമാണ നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചിരുന്നു. കറ്റിയാട് സബ് രജിസ്ട്രാർ ഓഫീസ് യാഥാർഥ്യമാകുന്നത് വികസനം ഈഭാഗത്തേക്കും വ്യാപിക്കാൻ നിമിത്തമാകും. കൃഷിഭവൻ, ഗവ. മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി നിർമാണത്തിലിരിക്കുന്ന കെഎസ്ആർടിസ് സബ് ഡിപ്പോ എന്നിവ കറ്റിയാടാണ്. സബ് രജിസ്ട്രാർ ഓഫീസുകൂടി വരുന്നതോടെ കറ്റിയാട് പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറും.ഭൂമി ലഭ്യമായിട്ട് ആറുമാസം; സ്ഥലം കാടുമൂടി







