അങ്കം കഴിഞ്ഞു ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകൾ

കാരശ്ശേരി : ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫൈനലും കഴിഞ്ഞു. വോട്ടുകളെല്ലാം ബാലറ്റ് യൂണിറ്റുകൾക്കുള്ളിലുമായി. വിജയിയെ പ്രഖ്യാപിക്കാൻ ഒരു ദിവസത്തെ കാത്തിരിപ്പുമാത്രം മുന്നിൽ. ഇത്തവണ വളരെ വാശിയേറിയ തിരഞ്ഞെടുപ്പ് അങ്കമാണ് കളത്തിൽ അരങ്ങേറിയത്. മൂന്ന് മുന്നണികൾക്കും പരസ്പരം പോരാടാൻ മൂർച്ചയേറിയ ഒട്ടേറെ ആയുധങ്ങൾ നിറഞ്ഞ ആവനാഴിയും ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ്. അങ്കത്തിന്റെ വിജയിയെ അറിയാൻ സ്ഥാനാർഥികളും മുന്നണികളും ആശങ്കയുടെ മുൾമുനയിൽ നിന്നുകൊണ്ട് കൂട്ടലും കിഴിക്കലും ആരംഭിച്ചു.
കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ പ്രചാരണങ്ങളിൽ കണ്ട വാശിയോടെയുള്ള പ്രവർത്തനങ്ങൾ വോട്ടെടുപ്പിലും ദൃശ്യമായി. രാവിലെമുതൽ എല്ലാ ബൂത്തുകളിലുംതന്നെ നല്ലതിരക്കായിരുന്നു. ഉച്ചയോടെ ഒൻപതുശതമാനത്തോളം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വൈകുന്നേരം ആറുമണിയാകുന്നതുവരെയും ചില ബൂത്തുകളിൽ ആറുമണിക്കുശേഷവും നീണ്ടവരിയായിരുന്നു. ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച് കൊടിയത്തൂർ പഞ്ചായത്തിൽ 80.5 ശതമാനവും കാരശ്ശേരി പഞ്ചായത്തിൽ 82.93 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി.
തുല്യശക്തികൾ തമ്മിലുള്ള കടുത്ത ബലപരീക്ഷണം അരങ്ങേറിയപ്പോഴും വോട്ടിങ് ദിനം തികച്ചും സമാധാനപരമായിരുന്നു എന്നതും ശ്രദ്ധേയമാണ്. കള്ളവോട്ട് ഉൾപ്പെടെ കാര്യമായ പരാതികളൊന്നും തന്നെ എവിടെയും ഉയർന്നതുമില്ല. മിക്ക ബൂത്തുകളിലും വോട്ടർമാർനിന്ന് വിഷമിക്കാതെ ഇരുന്നു വിശ്രമിക്കാൻ സൗകര്യങ്ങളൊരുക്കിയതും ഏറെ ആശ്വാസമായി.







