Thiruvambady

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം ഭാഗികം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ്‌ ഒരുവർഷമായിട്ടും പദ്ധതി പ്രവർത്തനം ഭാഗികം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടുംകാരണം യാത്രക്കാർക്ക് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനാകുന്നില്ല. താഴെനിലയിൽ വിശ്രമഹാൾ, കോഫി ഷോപ്പ്, മുലയൂട്ടൽകേന്ദ്രം, ശൗചാലയം, ഭിന്നശേഷി സൗഹൃദ ശൗചാലയം, മുകൾനിലയിൽ താമസ സൗകര്യത്തോടെയുളള മൂന്നുമുറികൾ എന്നീ സൗകര്യങ്ങളടങ്ങിയതാണ് പദ്ധതി.

കഴിഞ്ഞ ജനുവരി 13-ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനാണ് ഉദ്ഘാടനം നിർവഹിച്ചത്. വിശ്രമഹാളും ശൗചാലയങ്ങളും മുലയൂട്ടൽകേന്ദ്രവും മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയങ്ങളുണ്ടെങ്കിലും പ്ലംബിങ് തകരാർമൂലം പ്രവർത്തനം താളംതെറ്റിയനിലയിലാണ്. പൈപ്പുകൾ ചോർന്നൊലിക്കുന്നു. റൂമിൽ വെള്ളം തളംകെട്ടിക്കിടക്കുന്നു. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങിയതാണ് കാരണമെന്നും ക്രമക്കേട് നടന്നതായുള്ള ആക്ഷേപംശക്തമാണ്.

മുലയൂട്ടൽകേന്ദ്രത്തിൽ ഫാൻപോലുമില്ല. ഭിന്നശേഷി സൗഹൃദ ശൗചാലയം വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്. ക്ലോസറ്റ് അടഞ്ഞതാണ് കാരണം. കോഫി ഷോപ്പ് പ്രവർത്തനം ഇനിയും തുടങ്ങിയില്ല. മുകൾനിലയിൽ വിശാലമായ സൗകര്യങ്ങളോടെ മൂന്ന്‌ താമസമുറികൾ പണികഴിപ്പിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പ്രവൃത്തികൾ ഉൾപ്പെടെ നടത്താത്തതിനാൽ ഇനിയും തുറന്നുകൊടുത്തിട്ടില്ല. പെയിന്റിങ് പണികൾക്ക് നടപടിയാരംഭിച്ചത് മാത്രമാണ് തെല്ലൊരാശ്വാസം.

Related Articles

Leave a Reply

Back to top button