Mukkam

വിദ്യാർഥിക്ക് കുത്തേറ്റു; പോലീസ് ലാത്തിവീശി

മുക്കം : കളൻതോട് എം.ഇ.എസ്. കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിനിടെ എസ്.എഫ്.ഐ.-യു.ഡി.എസ്.എഫ്. സംഘർഷം. കാമ്പസിനകത്തുനടന്ന സംഘർഷത്തിനിടെ വിദ്യാർഥിക്ക് നെഞ്ചിൽ കുത്തേറ്റു. മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും കുറ്റിക്കാട്ടൂർ സ്വദേശിയുമായ റഹീസിനാണ്‌ (20) കുത്തേറ്റത്. നെഞ്ചിനുതാഴെ പരിക്കേറ്റ റഹീസിനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്തുപയോഗിച്ചാണ് കുത്തിയതെന്ന് വ്യക്തമല്ല. പോലീസ് നടത്തിയ ലാത്തിച്ചാർജിനിടെ പ്രോഗ്രാം കമ്മിറ്റി അംഗമായ മലയമ്മ സ്വദേശി മുഹമ്മദ് ഫാസിലിന് പരിക്കേറ്റു. നാലു പോലീസുകാർക്കും പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ റഹീസ്‌ കലോത്സവത്തിന്റെ വൊളൻറിയറായിരുന്നു. സംഘർഷത്തിലേർപ്പെട്ടവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ്‌ കുത്തേറ്റതെന്ന്‌ പോലീസ്‌ പറഞ്ഞു.

പ്രകടനമായി എത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ പ്രോഗ്രാം കമ്മിറ്റി ഓഫീസ് കൈയേറാൻ ശ്രമിച്ചതാണ് സംഘർഷത്തിനുകാരണമായതെന്ന് യു.ഡി.എസ്.എഫ്. പ്രവർത്തകർ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടുകൂടിയായിരുന്നു സംഭവങ്ങളുടെ തുടക്കം.യു.ഡി.എസ്.എഫ്. യൂണിയനാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. പ്രകടനമായെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ എം.ഇ.എസ്. കാമ്പസിനകത്തെ സംഘാടകസമിതി ഓഫീസിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ യു.ഡി.എസ്.എഫ് പ്രവർത്തകർ പ്രതിരോധിച്ചു. വിവരമറിഞ്ഞ് മറ്റുകോളേജുകളിൽനിന്നുള്ള എസ്.എഫ്.ഐ. എം.എസ്.എഫ്., കെ.എസ്.യു. പ്രവർത്തകർകൂടി എത്തിയതോടെ സംഘർഷം രൂക്ഷമായി. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഘർഷത്തിനിടെ പോലീസുകാരുടെ കണ്ണിനും തോളിലുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷസാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഇൻസ്പെക്ടർ എസ്. കിരണിന്റെ നേതൃത്വത്തിൽ 50-ഓളം പോലീസുകാർ രാത്രിവൈകിയും കാമ്പസിനകത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Back to top button