കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും ഗ്രാമീണ ടൂറിസത്തിനും മാലിന്യ സംസ്കരണം പദ്ധതികൾക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും കർഷകർക്കും ഊന്നൽ നൽകി കൊണ്ടുള്ള സമഗ്ര വികസന പ്രവർത്തനങ്ങൾക്കാണ് നിർദേശങ്ങൾ ലഭിച്ചിരിക്കുന്നത്.
ഭൂമി ഇല്ലാത്ത ഭവനരഹിതരായ ആളുകൾക്ക് വീടുകൾ നൽകുക, പഞ്ചായത്ത് പൊതു ഗ്രൗണ്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുക, മാലിന്യ സംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുക,ഇ ലൈബ്രറി സ്ഥാപിക്കുക, ഡെസ്റ്റിനേഷൻ ഡെവലപ്മെൻറ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക, തേവർമല വാച്ച് ടവർ നിർമ്മാണം നടത്തുക, പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുവാനുള്ള ശാസ്ത്രീയമായ പഠനങ്ങൾ നടത്തുക, തുഷാരഗിരി ഹണി മ്യൂസിയം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് വികസന സെമിനാറിൽ നിർദ്ദേശങ്ങൾ ലഭിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ക്ഷേമകാര്യ ചെയർമാൻ വിൻസൻറ് വടക്കേമുറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി,ബ്ലോക്ക് മെമ്പർ സണ്ണി കപ്പാട്ടുമല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി,റൂബി തമ്പി, പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ,ആസൂത്രണ സമിതി അംഗങ്ങളായ സജി നിരവത്ത്, ഫ്രാൻസിസ് ചാലിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് പതിമൂന്ന് നിർവഹണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വിഷയ മേഖലകളിലെ പദ്ധതി നിർദേശങ്ങൾ അന്ത്യമാക്കി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു പട്ടരാട്,സി. കെ ചന്ദ്രൻ, സത്യൻ ചോലയിൽ,ജിജി എലുവാലുങ്കൽ, നാൻസി കാലായിൽ, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, ബേബി വളയത്തിൽ,ജോബി ജോസഫ്,റെജി തമ്പി, ബിന്ദു ജോർജ്,ജ്യോതി സന്തോഷ്,സജിനി രാമൻകുട്ടി,റീന ബിജു കക്കുഴിയിൽ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി ജൂബി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റ് വിഹിതം സമയബന്ധിതമായി ലഭിക്കാത്തത് വാർഷിക പദ്ധതിയുടെ സുഖമായി നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്നുണ്ട് എന്നും കേന്ദ്രവിഷ്കൃത ഫണ്ട് കഴിഞ്ഞവർഷത്തെ അലോട്ട്മെൻറ് ഇതുവരെ കിട്ടാത്തതിന്റെ ബുദ്ധിമുട്ടും യോഗത്തിൽ ചർച്ചയായി .






