Kodanchery

കവുങ്ങിന് വീണ്ടും മഞ്ഞളിപ്പ് മലയോരത്തെ കർഷകർ പ്രതിസന്ധിയിൽ

കോടഞ്ചേരി: കൊട്ടടക്കയുടെ വില കുതിച്ചുയരുന്നു. ഈ വർഷമാദ്യം 300 രൂപയ്ക്കുമീതെ നിന്നിരുന്ന വിലയാണ് കിലോയ്ക്ക് 420 രൂപയിലേക്ക് ഉയർന്നത്.ചരക്ക് ക്ഷാമമാണ് വില കൂടാനുള്ള മുഖ്യകാരണമായി വ്യാപാരികൾ പറയുന്നത്.

പ്രധാന അടയ്ക്കാ ഉത്പാദന കേന്ദ്രങ്ങളിലൊന്നായ മംഗലാപുരത്ത് ഗുണമേന്മ കുടുതലുള്ള കൊട്ടടക്കയ്ക്ക് കി ലോയ്ക്ക് 500 രൂപയിലുമേറെയാണ്. കവുങ്ങ് കൃഷി നശിച്ചു തുടങ്ങിയതിനാൽ അടക്കയുടെ വില വർധന മലയോര കർഷകർക്ക് ഗുണം ചെയ്യുന്നില്ല. മലയോരമേഖലയിലെ പ്രധാന അടയ്ക്കാ ഉത്പാദനകേന്ദ്രം എന്ന നിലയിൽ ഉയർന്ന് നിന്ന കോടഞ്ചേരിയിൽ 20 വർഷത്തോളമായി ഉത്പാദനം നന്നേ കുറവാണ്. മഞ്ഞളിപ്പ് രോഗംബാധിച്ച് കമുക് കൃഷി പാടെ നശിച്ചതോടെ സീസണിൽ പോലും എല്ലാ കടകളിലും കൂടി ദിവസേന രണ്ടോ മൂന്നോ ക്വിന്റൽ കൊട്ടടക്ക മാത്രമേ കോടഞ്ചേരിയിലെ മലഞ്ചരക്ക് കടകളിൽ എത്തുന്നുള്ളൂ.

കോടഞ്ചേരിയിലെ യുവ കർഷകനായ ഗോഡ്സൺ ആക്കപ്പടിക്കൽ 2014 ൽ മംഗലാപുരത്തെ പുത്തൂർ ഭാഗത്തുനിന്നും 300 ൽ അധികം ഇന്റർ സി മംഗള തൈകൾ കൊണ്ടുവന്നു നട്ടു പിടിപ്പിച്ചെങ്കിലും 12 വർഷങ്ങൾക്ക് ശേഷം മുഴുവൻ കവുങ്ങുകളും മഞ്ഞളിപ്പ് ബാധിച്ച് നശിച്ച നിലയിലാണ്. ഇലകളിൽ ഒരുതരം ഈച്ച വന്ന് നീരൂറ്റി ഇലയിലെ ജലാംശം നഷ്ടപ്പെടുന്നത് കൊണ്ടാണോ മഞ്ഞളിപ്പ് വരുന്നതെന്നും കർഷകർ സംശയിക്കുന്നു. ഇതിനുപുറമേ തൈ വലുതായി വരുമ്പോൾ കൂമ്പ് ചുരുങ്ങി മണ്ടമറിയുന്നതും പതിവാണ്.

കവുങ്ങ് കൃഷിയുടെ അന്ത്യം കുറിക്കുന്ന മഞ്ഞളിപ്പ് തടയാൻ ഗവേഷണനടപടികൾ ത്വരിതപ്പെടുത്തണം. ശാസ്ത്രീയ കൃഷിരീതിയിൽ കർഷകർക്ക് സഹായം നൽകണം. രാസവളങ്ങൾ കുറച്ചു മണ്ണ് പരിശോധിച്ച് പരിഹാരനടപടികൾ കൈക്കൊണ്ടും ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ചും മഞ്ഞളിപ്പിനെതിരെ പ്രതിരോധം തീർക്കാൻ കർഷകർ പരിശ്രമിക്കുന്നുണ്ട്. കൂടുതൽ പഠനം നടത്തി മഞ്ഞളിപ്പിനെതിരെ പ്രതിരോധം തീർക്കാൻ ഫലപ്രദമായ കീടനാശിനിയും പോഷണവും ഉല്പാദിപ്പിക്കണമെന്ന് കർഷകരും വ്യാപാരികളും ആവശ്യപ്പെടുന്നു.

1999 ൽ കോട്ടടക്കയ്ക്ക് കിലോയ്ക്ക് 150 രൂപയിൽ നിന്നും താഴ്ന്ന് 2001ൽ 35 രൂപ വരെ എത്തിയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ഏതാനും വർഷം മുമ്പാണ് അടക്കാ വില ഉയരാൻ തുടങ്ങിയത്. അടയ്ക്കയുടെ ലഭ്യതകുറയുകയും വർഷങ്ങളായി വില സ്ഥിരത നിലനിൽക്കുകയും ചെയ്തത് പണ്ട് നശിച്ചാൽ കവുങ്ങിന്റെ കുറ്റികൾ അടക്കം നശിപ്പിച്ച് വീണ്ടും കവുങ്ങ് കൃഷിക്ക് കൂടുതൽ കർഷകർ തയ്യാറായി. മറ്റു നാണ്യവിളകളെ അപേക്ഷിച്ച് താരതമ്യേന ഉത്പാദന ച്ചെലവ് കുറവായതിനാലും കവുങ്ങ് കൃഷിക്ക് പ്രിയമേറി.
കാസർകോടൻ, ഇൻ്റർ മംഗള, മോഹിത് നഗർ, സൈഗോൺ തുടങ്ങിയ ഇനങ്ങൾ പരീക്ഷിച്ചിട്ടും മഞ്ഞളിപ്പിനെ പ്രതിരോധിക്കാനായില്ല പ്രതിരോധശേഷി കൂടുതലുണ്ടെന്ന് പറയപ്പെടുന്ന നാടൻ ഇനങ്ങൾ പരീക്ഷിക്കുകയാണ് കർഷകർ ഇപ്പോൾ.

Related Articles

Leave a Reply

Back to top button