Mukkam

മുക്കത്ത് ഡി.വൈ.എഫ്.ഐ.യുടെ പ്രകടനം അക്രമാസക്തം

മുക്കം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുക്കത്ത് നടത്തിയ മാർച്ച് അക്രമാസക്തമായി. മുക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ്. സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വ്യാപകമായി തകർത്തു. മുക്കം ആലിൻചുവട്ടിലും പി.സി. ജങ്ഷനിലുമായി സ്ഥാപിച്ച മൂന്ന് ഫ്ലെക്സ് ബോർഡുകളാണ് നശിപ്പിച്ചത്. സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റുന്നതിനിടെയായിരുന്നു അക്രമം. ഇരുപത്തിയഞ്ചോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് പ്രതിഷേധപ്രകടനത്തിലുണ്ടായിരുന്നത്.

ജില്ലാകമ്മിറ്റിയംഗം ഇ. അരുൺ, റെനിൽ രാജ്, അജയ് ഫ്രാൻസി, ശരത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സംഭവമറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കം പി.സി. ജങ്ഷനിൽ കേന്ദ്രീകരിച്ചതോടെ നഗരത്തിൽ സംഘർഷസാധ്യത ഉടലെടുത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധമാർച്ചിനുശേഷം അഭിലാഷ് ജങ്ഷനിൽ പ്രവർത്തകർ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. ഇതോടെ, സംസ്ഥാനപാതയിൽ പതിനഞ്ചുമിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.

പോലീസെത്തി നേതാക്കളെ അറസ്റ്റുചെയ്ത് നീക്കിയതോടെയാണ് ഗതാഗതതടസ്സം നീങ്ങിയത്. എന്നാൽ, അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്നും ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെപേരിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതോടെ വീണ്ടും സംഘർഷാവസ്ഥയായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രേഖാമൂലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി, നിഷാദ് വീച്ചി, യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡൻറ് ലെറിൻ റാഹത്ത്, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പി.കെ. സജീവ്, ഒ.കെ. ബൈജു, മുന്ദിർ ചേന്ദമംഗലൂർ, പ്രഭാകരൻ മുക്കം, നിഷാദ് നീലേശ്വരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധപ്രകടനം.

Related Articles

Leave a Reply

Back to top button