Karassery

റോഡ്, പാലം ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാർ

കാരശ്ശേരി : വർഷങ്ങളായി നവീകരണം കാത്തുകിടന്ന റോഡും പുനർനിർമിച്ച പാലവും യാഥാർഥ്യമായതിന്റെ ആഹ്ളാദത്തിൽ ഉദ്ഘാടനം നാട്ടുകാർ ഉത്സവമാക്കിമാറ്റി. നവീകരിച്ച ചുള്ളിക്കാപറമ്പ് -കവിലട റോഡും പുനർനിർമിച്ച കോട്ടമുഴിപ്പാലവുമാണ് ഞായറാഴ്ച ഉദ്ഘാടനംചെയ്തത്. ഡി.ജെ. പാർട്ടിയുടെയും നൂറുകണക്കിന്‌ വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടനപരിപാടിക്ക് തുടക്കംകുറിച്ചത്.

സംസ്ഥാന ബജറ്റിൽ എട്ടുകോടി രൂപ അനുവദിച്ചാണ് കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ്-ചെറുവാടി-കവിലട റോഡ് ആധുനികരീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ചത്. കൊടിയത്തൂർ, കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന കോട്ടമുഴിപ്പാലം കാലപ്പഴക്കത്താൽ തകർന്നിരുന്നു. സംസ്ഥാനസർക്കാർ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിൽ ഈ പാലവും അനുബന്ധറോഡും ഉയരംകൂട്ടി പുതുക്കിനിർമിക്കുകയും ചെയ്തു.പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓൺലൈനായി ഉദ്ഘാടനംനിർവഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി.
പാലത്തിനും റോഡിനും സൗജന്യമായി സ്ഥലം വിട്ടുനൽകിയ കൊടിയത്തൂർ ജുമാമസ്ജിദ് പ്രസിഡന്റ് അബ്ദുൽ സലാമിനെ ചടങ്ങിൽ ആദരിച്ചു.

കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവ്യ, വി.കെ. വിനോദ്, കെ.ടി. മൻസൂർ, ഇ. രമേശ് ബാബു, എക്സി. എൻജിനിയർ സി.എസ്. അജിത്, അസി. എക്സിക്യുട്ടീവ് എൻജിനിയർ ഷിനി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയപ്പാർട്ടിപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button