വെന്റ്പൈപ്പ് പാലം: ഇരുവഞ്ഞിയിലെ പൈപ്പുകൾ പൊളിച്ചു മാറ്റുന്നു

മുക്കം ∙ വെന്റ്പൈപ്പ് പാലം പൊളിക്കൽ ഊർജിതമാക്കി. ഇരുവഞ്ഞിപ്പുഴയിലെ പൈപ്പുകൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തിയാണു പുരോഗമിക്കുന്നത്. 3 ദിവസത്തിനകം പൊളിക്കൽ പൂർത്തിയായേക്കും. ഇതു കഴിഞ്ഞു ചെറുപുഴയിലുള്ള പൈപ്പുകളുടെ പൊളിക്കൽ തുടങ്ങും. ഇരുവഞ്ഞിപ്പുഴയിലും ചെറിയ പുഴയിലുമായി 18 കൂറ്റൻ പൈപ്പുകൾ പൊളിക്കാനുണ്ട്.
വെന്റ് പൈപ്പ് പാലവും ഇലന്തുകടവ് പാലവും പൊളിച്ചു മാറ്റുന്നതിന് ദുരന്തനിവാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 17 ലക്ഷത്തിന്റെ കരാറാണു നൽകിയത്. 15 ലക്ഷം രൂപ വെന്റ് പൈപ്പ് പാലം മാത്രം പൊളിക്കാൻ ചെലവാകും. ഊരാളുങ്കൽ ലേബർ് കോൺട്രാക്റ്റ് കോഒാപ്പറേറ്റീവ് സൊസൈറ്റിക്കാണു പ്രവൃത്തിയുടെ ചുമതല.
കാരശ്ശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയുടെ മുക്കംകടവിൽ 2003 ൽ നിർമിച്ച വെന്റ് പൈപ്പ് പാലം 30 ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നു കഴിഞ്ഞ 20ന് കലക്ടർ ഉത്തരവിട്ടിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെന്റ്പൈപ്പ് പാലത്തിൽ കൂറ്റൻ മരത്തടികളും മാലിന്യങ്ങളും തങ്ങിനിൽക്കുന്നതു കാരണം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടു പുഴ ദിശ മാറി ഒഴുകിയിരുന്നു
പാലത്തിന് സമീപം ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള വീടുകളിലും കൃഷിയിടങ്ങളിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടൽ സമയത്തും ജലനിരപ്പ് ഉയരാനും പാലം കാരണമായി. 2015ൽ മുക്കംകടവ് പാലം തുറന്നതിനു പിന്നാലെ വെന്റ് പൈപ്പ് പാലം പൊളിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ സമരവും നടത്തിയിരുന്നു. കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
News from Manorama
https://www.manoramaonline.com/district-news/kozhikode/2020/06/03/kozhikode-vent-pipe-bridge.html







