Thiruvambady

അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ പയ്യടിമുക്ക് തോട്ടിലേക്ക് തുടർച്ചയായി രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. കക്കൂസ്സ് മാലിന്യങ്ങൾ തോട്ടിലൂടെ ഒഴുകി ഇരുവഞ്ഞിപ്പുഴയിലേക്കാണ് പോകുന്നത് , നിരവധി കുടിവെള്ള പദ്ധതികൾ ഇതുമൂലം മലിനപ്പെടുന്നുണ്ട്. പ്രദേശത്ത് ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് പ്രയാസം നേരിടുന്നു. ജില്ലയിൽ ജലജന്യ രോഗങ്ങളായ ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പൊതുജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്സ് ശരത് ലാലും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിതാ ബാബു , കെ ബി റിനി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പിഎച്ച്ഐ അയന എസ്സ് എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ ആശാവർക്കർമാർ എന്നിവർ സന്ദർശിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button