താമരശ്ശേരി ചുരം: സുരക്ഷയെങ്ങുമെത്താതെ കൈവരിനവീകരണം വൈകുന്നു

അടിവാരം : താമരശ്ശേരി ചുരത്തിൽ സുരക്ഷാഭിത്തികളുടെ നവീകരണം അനുമതിയായ ഇടങ്ങളിൽപ്പോലും വൈകുന്നു. നിലവിലെ ഉയരംകുറഞ്ഞ കൈവരികളുടെ അശാസ്ത്രീയതയും പരിഹരിക്കപ്പെട്ടിട്ടില്ല. വാൽപ്പാറ ചുരംറോഡിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഒൻപതാം വളവിലും ഒന്നാം വളവിലും ഉൾപ്പെടെ കൈവരി വാഹനങ്ങൾ ഇടിച്ചുതകർന്ന ഭാഗത്ത് നാളിതുവരെ സുരക്ഷയുറപ്പാക്കാൻ നടപടിയായിട്ടില്ല. ആറ്്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ ഉൾപ്പെടെ താമരശ്ശേരി ചുരത്തിൽ പലയിടങ്ങളിലും സുരക്ഷാഭിത്തിക്ക് കേവലം അരയടിമുതൽ ഒരടിവരെ മാത്രം ഉയരമുള്ളത്. ചിലയിടങ്ങളിലാവട്ടെ പാതയോരത്തെ മണ്ണുമൂടി റോഡിന്റെ പ്രതലത്തിന് ഏതാണ്ട് സമാന്തരമായിട്ടുണ്ട് പാർശ്വഭിത്തിയുടെ ഉയരം.
മിനി വ്യൂപോയിന്റിലും വയനാട് ഗേറ്റ് വരെയുള്ള ഭാഗത്തും വ്യൂപോയിന്റിലെ സംരക്ഷണഭിത്തിയുടെ അതേമാതൃകയിൽ 189 മീറ്റർ ദൈർഘ്യത്തിലും 70 സെന്റീമീറ്റർ ഉയരത്തിലും കൈവരി സ്ഥാപിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറോടെ ഭരണാനുമതിയാവുകയും പ്രവൃത്തി ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 60.90 ലക്ഷം രൂപ അടങ്കലിലുള്ള നവീകരണപദ്ധതിക്ക് കരാറേറ്റെടുത്ത കമ്പനി പ്രവൃത്തി തുടങ്ങാൻ മെല്ലെപ്പോക്ക് കാണിച്ചതോടെ, കരാറുകാരെ മാറ്റാൻ കത്ത് നൽകിയിരിക്കുകയാണ് പി.ഡബ്ല്യു.ഡി.എൻ.എച്ച് വിഭാഗം. പുതിയ കരാറുകാരെ ചുമതലപ്പെടുത്തി ഈ പ്രവൃത്തി തുടങ്ങാൻ സ്വാഭാവികമായും ഇനിയും കാലവിളംബമുണ്ടാകും.







