Thiruvambady

പുന്നക്കൽ ഹൈസ്കൂൾപ്പടി നടപ്പാലം; നിർമാണം മന്ദഗതിയിൽ

തിരുവമ്പാടി : പൊയിലിങ്ങാപ്പുഴയ്ക്കു കുറുകെ പണിയുന്ന പുന്നയ്ക്കൽ ഹൈസ്കൂൾപ്പടി നടപ്പാലത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. പ്രവൃത്തി തുടങ്ങിയിട്ട് ആറുമാസമായിട്ടും പില്ലറുകളുടെ നിർമാണംപോലും പൂർത്തിയാക്കാനായില്ല. പുഴയുടെ അക്കരെയും ഇക്കരെയുമായി രണ്ടു പില്ലറുകളുടെ ഫൗണ്ടേഷൻ പ്രവൃത്തി മാത്രമാണ്‌ നടത്തിയിരിക്കുന്നത്. വേനൽക്കാലത്തുപോലും മഴവെള്ളപ്പാച്ചിലുണ്ടാകാറുള്ള പുഴയാണിത്.

വർഷകാലത്ത് കുലംകുത്തിയൊഴുകുന്ന പുഴയിൽ കമുകിൻതടികൊണ്ടുള്ള താത്കാലികപാലത്തിൽ ജീവൻ പണയംവെച്ചായിരുന്നു ഇക്കാലമത്രയും തീരവാസികൾ പോക്കുവരവ് നടത്തിയിരുന്നത്.സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്രയമാകേണ്ട നടപ്പാലത്തിന്റെ നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ഇരുചക്രവാഹനങ്ങൾക്കടക്കം പോകാവുന്നതരത്തിൽ കോൺക്രീറ്റ് പാലമാണ് നിർമിക്കുന്നത്.

പുഴയ്ക്കക്കരെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാവുന്ന ഏകമാർഗമാണിത്. ലിന്റോ ജോസഫ്‌ എം.എൽ.എ.യുടെ 15 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പാലംനിർമാണം. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് നിർമാണം ഇഴഞ്ഞുനീങ്ങാനിടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥിരംയാത്രക്കാരായ സ്കൂൾകുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നതെന്നും പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുൻപേ പാലം യാഥാർഥ്യമാക്കണമെന്നും പരിസരവാസി മൈക്കിൾ തോമസ് കൊച്ചുകൈപ്പേൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button