ഇരുതുള്ളിപ്പുഴ കൈയേറ്റം: കർശന നടപടിക്ക് കോടഞ്ചേരി പഞ്ചായത്ത്

കോടഞ്ചേരി : മൈക്കാവ് പോത്തുംകുണ്ടിൽ ഇരുതുള്ളിപ്പുഴ കൈയേറി, പുഴയിൽ മണൽച്ചാക്ക് നിരത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയുടെ തീരം ഇടിച്ചുനിരത്തി കൈയേറിയ സ്വകാര്യ വ്യക്തിക്കെതിരേ കർശന നടപടിക്ക് കോടഞ്ചേരി പഞ്ചായത്ത്.
പുഴയുടെ തീരം കൈയേറിയതിനും പുഴ മലിനമാക്കിയതിനും സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അധികൃതർ പറഞ്ഞു. പ്രദേശവാസികളുടെ പരാതിയെത്തുടർന്നാണ് നടപടി. കൈയേറിയ പുഴയുടെ ഭാഗം ഒഴിപ്പിക്കുമെന്നും പുഴ പൂർവസ്ഥിതിയിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അറിയിച്ചു. പുഴയുടെ നീരൊഴുക്ക് തടയുന്ന രീതിയിലാണ് ഇവിടെ മണൽച്ചാക്ക് അടുക്കി തീരം ഇടിച്ചും കരിങ്കൽ ക്വാറിയിൽ നിന്നള്ള സ്ലറി ഉപയോഗിച്ചും നികത്താൻ ശ്രമം നടത്തിയത്. വൈസ് പ്രസിഡന്റ് അലക്സ് തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി തുടങ്ങിയവർ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.







