മുക്കം ബട്ടൻ ഹൗസ്’ എന്ന തയ്യൽ ഉത്പന്ന വ്യാപാരകേന്ദ്രത്തിനു തീപിടിച്ചു

മുക്കം : മുക്കത്ത് തയ്യൽ ഉത്പന്ന വ്യാപാര കേന്ദ്രത്തിനു തീപിടിച്ചു. പുതിയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ‘മുക്കം ബട്ടൻ ഹൗസ്’ എന്ന വ്യാപാരകേന്ദ്രത്തിനാണ് ബുധനാഴ്ച പുലർച്ചെ ആറു മണിയോടെ തീപിടിച്ചത്. കടയിലുണ്ടായിരുന്ന ഉത്പന്നങ്ങൾ പൂർണമായി കത്തി നശിച്ചെന്നും പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും കടയുടമ നെല്ലിപ്പറമ്പ് തടത്തിൽ സജിന പറഞ്ഞു. മുക്കം മദ്രസയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കടയ്ക്കുള്ളിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും മറ്റു വ്യാപാരികളും വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം, മാവൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. നിയുക്ത എം.എൽ.എ. സി.കെ. കാസിം കട സന്ദർശിച്ചു. മുക്കം നഗരസഭ കെട്ടിടം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാനുള്ള എല്ലാസഹായവും നൽകുമെന്ന് സി.കെ. കാസിം പറഞ്ഞു.
മുക്കം സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ വിജീഷ് കുമാർ, ബി.കെ. അനൂപ്, ഫയർ ഓഫീസർമാരായ സുരേഷ് മേലേടത്ത്, സജിത്ത് ലാൽ, വിനയ് ദാസ്, വിവേക്, നിസാമുദ്ദീൻ, മഹേഷ്, വി.എം. മിഥുൻ, ടി.പി. ശ്രീജിൻ, എൻ. സിനീഷ്, ഹോം ഗാർഡുമാരായ ചാക്കോ ജോസഫ്, ജോളി ഫിലിപ്പ്, ഫിജീഷ്, ടോണി വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി







