നവാഗതരെ വരവേറ്റ് വിമല യു.പി. സ്കൂളിൽ പ്രവേശനോത്സവം

കോടഞ്ചേരി: പുതുപ്രതീക്ഷകളുടെയും പുത്തൻ സ്വപ്നങ്ങളുടെയും നിറവിൽ വിമല യു.പി. സ്കൂൾ മഞ്ഞുവയലിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു. വിദ്യാലയാങ്കണം കുട്ടികളുടെ ചിരികളും ഗാനങ്ങളും കലാപരിപാടികളും കൊണ്ട് ഉത്സവ പ്രതീതിയിലായിരുന്നു.
പി.ടി.എ. പ്രസിഡന്റ് ജിനേഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വിൻസെന്റ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ജിസാ റോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആൻസി ടീച്ചർ ആശംസാ സന്ദേശം നൽകി.
കഴിഞ്ഞ അധ്യയന വർഷത്തിൽ യു.എസ്.എസ്. പരീക്ഷയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്രവേശനോത്സവ ഗാനവും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന് കൂടുതൽ മിഴിവേകി.
വിദ്യാലയ കുടുംബത്തിലേക്ക് പുതുതായി കടന്നുവന്ന നവാഗതർക്ക് സ്നേഹോപഹാരങ്ങൾ നൽകി സ്വീകരണം ഒരുക്കി. തുടർന്ന് എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്ത് മധുരമാർന്ന പുതുവർഷ തുടക്കത്തിന് സ്കൂൾ വേദിയായി.
സ്റ്റാഫ് സെക്രട്ടറി അനുപമ ജോസഫ് നന്ദി രേഖപ്പെടുത്തി.







